Monday, October 01, 2007

ജന്മാന്തരങ്ങള്‍

ഇങ്ങിനെ ധൃതി വെച്ച് നടക്കേണ്ട കാര്യമൊന്നുമില്ല, പോകാനുള്ള ബസ്സ് ഇപ്പോഴും മൈലുകള്‍ ദൂരത്ത് തന്നേയാണ്. അതിരമ്പി വരുന്ന ശബ്ദം കേട്ട് തുടങ്ങിയപ്പോഴാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഗ്രാമത്തിനെ രണ്ടായി പകുത്ത് നീങ്ങുന്ന റോഡീലൂടെ വല്ലപ്പോഴുമാണ് ബസ്സെത്തുന്നത്. ‘ഇപ്പോ നായരങ്ങാട്യെത്തീണ്ടാവും...’ ബസ്സിന്‍റെ ഇരമ്പിച്ച കനം കൂടി വരും തോറും വല്ലിപ്പ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിപ്പറഞ്ഞ് കൊണ്ടിരുന്നു.

പഞ്ചായത്ത് റോഡിലൂടെ കുറച്ച് നടന്നാലേ ടാറിട്ട റോഡിലെത്തൂ. മണല്‍ നിറഞ്ഞ പഞ്ചായത്ത് റോഡില്‍ ചില താഴ്ന്ന ഭാഗങ്ങളുണ്ടായിരുന്നു. മഴക്കാലത്ത് വെള്ളം നിറഞ്ഞാല്‍ അവയെ കൂണ്ടുകളെന്ന് വിളിക്കും. ഉച്ചക്ക് ശേഷം സ്കൂളില്‍ പോകുമ്പോള്‍ മിഠായി വാങ്ങിക്കാന്‍ വല്ലിപ്പ തന്ന അഞ്ച് പൈസ വീണുപോയത് ഇങ്ങനത്തെ ഒരു കുണ്ടിലായിരുന്നു. വിവരം കേട്ട വല്ലിപ്പ വന്ന് കാളവണ്ടി കലക്കിയ വെള്ളത്തില്‍ കുറേ പരതി. ആരെങ്കിലും ചോദിച്ചാല്‍ പത്ത് പൈസേണ് പോയത് ന്ന് പറഞ്ഞാ മതിയെന്നും അല്ലെങ്കി‍ നാണക്കേടാന്നും വല്ലിപ്പ ഓര്‍മ്മിച്ചു.

ബസ്സിപ്പോഴും നാലാം കല്ലെത്തിയിട്ടില്ല. അവിടേയാണ് ബസ്സ് നിറുത്തുന്നിടം. എന്നും മീന്‍ കൊണ്ട് വരുന്ന ബീരാങ്കുട്ടിക്ക വരാത്തോണ്ടാണ് ഇന്നിപ്പോ പുഴിക്കള ചന്തയ്ക്ക് പോകേണ്ടി വരുന്നത്. ആദ്യത്തെ നോമ്പായതോണ്ടുള്ള ക്ഷീണം കാരണമാകും ഇന്ന് ബീരാങ്കുട്ടിക്ക വരാത്തതെന്ന് വല്ലിപ്പ വല്ലിമ്മാട് പറഞ്ഞത് കേട്ടു. അല്ലെങ്കില്‍ എന്നും ഉച്ചതിരിഞ്ഞാല്‍ കാവിന്‍റെ രണ്ടറ്റത്തും തൂക്കിയ കുട്ടയില്‍ നിറയെ മീനുമായി ബീരാങ്കുട്ടിക്ക എത്താറുണ്ട്.

കാവിറക്കി ഓലകൊണ്ട് മെടഞ്ഞുണ്ടാക്കിയ മൂടിമാറ്റി മീന്‍ കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ വല്ലിപ്പയുമായി കുറച്ച് നേരം പഴയ കഥകള്‍ പറഞ്ഞിരിക്കും. കഥകളില്‍ മേട്ടുപ്പാളയവും കൊയമ്പത്തൂരും ഒപ്പനക്കര വീഥിയും ചിന്നക്കട വീഥിയും ഒക്കെയാണ് നിറഞ്ഞ് നിന്നിരുന്നത്. കഥ പറച്ചിലിനിടയില്‍ തന്നെ വല്ലിപ്പാടെ ജൂബ്ബ വല്ലിമ്മ എടുത്ത് കൊണ്ട് വരും.

ജൂബ്ബയുടെ കുടുക്കുകള്‍ സ്വര്‍ണ്ണം പൂശി കറുത്ത ചരടില്‍ കെട്ടിയിരുന്നു. വിശേഷ ചടങ്ങുകള്‍ക്കോ ദൂരയാത്രകള്‍ക്കോ പോകുമ്പോഴേ വല്ലിപ്പ ജൂബ്ബ ഇടാറുള്ളൂ. ജൂബ്ബാകീശയില്‍ നിന്നും ചില്ലറകള്‍ വാങ്ങി ബീരാങ്കുട്ടിക്ക ‘പൂവേയ്...’ എന്നുറക്കെ വിളിച്ച് കൊണ്ട് നീങ്ങും.

പാടത്തിന് നടുവിലൂടെയുള്ള റോഡിലൂടെ വളവ് തിരിഞ്ഞ് ബസ്സ് അടുത്തെത്തി. പരുത്ത കൈത്തലങ്ങളില്‍ കുഞ്ഞുവിരലുകള്‍ മുറുകി. ബ്രും... ബ്രും... ബ്രും... ബസ്സിന്‍റെ കിതപ്പ്. എല്ലാ സീറ്റുകളിലും ആളുകളുണ്ടായിരുന്നു. കമ്പിയില്‍ ചാരി നില്‍ക്കുന്ന വല്ലിപ്പാട് ചേര്‍ന്ന് നിന്നു. വല്ലിപ്പാക്ക് ലൈഫ് ബോയ് സോപ്പിന്‍റെ മണമായിരുന്നു. ലൈഫ് ബോയ് സോപ്പിന്‍റെ പകുതി മുറിച്ച ഒരു കഷ്ണം എപ്പോഴും വീടിന്‍റെ ഉത്തരത്തില്‍ സ്ഥനം പിടിച്ചു. അന്തരീക്ഷത്തില്‍ ലൈഫ്ബോയ് മണം പരന്ന് നില്‍ക്കുമ്പോള്‍ മറപ്പുരയില്‍ നിന്നും കീറിയ ചെറിയ ചാലിലൂടെ ഇളം റോസ് നിറത്തിലുള്ള അഴുക്ക് വെള്ളം പാടകെട്ടിയെഴുകും. അതവസാനിക്കുന്നിടത്ത് പച്ചമുളകും പുത്തിരിച്ചുണ്ടയും വളര്‍ന്ന് പന്തലിച്ചിരുന്നു.

ഒരു പുഴിക്കള... വല്ലിപ്പ അരയിലെ പച്ച അരപ്പട്ടയുടെ മഞ്ഞ നിറമുള്ള അടപ്പ് തുറന്ന് കണ്ടക്ടര്‍ക്ക് കാശ് കൊടുത്തു. മഞ്ഞ നിറമുള്ള അടപ്പിന് സ്റ്റീല്‍ നിറമുള്ള ഒട്ടിക്കുന്ന കുടുക്കുണ്ട്. അരപ്പട്ടയും ചേര്‍ത്ത് വല്ലിപ്പാനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കുഞ്ഞ് മനസ്സ്, ബസ്സിന്‍റെ മുകള്‍ ഭാഗത്തെ കമ്പികളില്‍ കയ്യെത്തിപിടിക്കാന്‍ പാകത്തില്‍ വലുതാവുന്ന നാളുകള്‍ സ്വപ്നം കണ്ടു.

മീഞ്ചന്തയില്‍ ആളുകള്‍ വന്നും പോയ്ക്കൊണ്ടുമിരുന്നു. പോകുന്നവര്‍ രണ്ട് കൈകളിലും ഈര്‍ക്കിലിയില്‍ കോര്‍ത്ത മത്തികള്‍ തൂക്കിപ്പിടിച്ചു. ഈര്‍ക്കിലി കൊണ്ട് ചൂലുണ്ടാക്കം, നടുവ് പൊളിച്ച് നാക്ക് വടിക്കാം, പിന്നെ മത്തി കോര്‍ത്ത് വാങ്ങാം. പക്ഷെ, ഈര്‍ക്കിലി കൊണ്ട് തല്ലാനും പറ്റും എന്നത് വല്ലിപ്പാക്ക് അറിയില്ലായിരുന്നു.

പലക കൊണ്ടുണ്ടാക്കിയ മീന്‍നെയ്യ് പിടിച്ച തട്ടില്‍ പലതരം മീനുകള്‍ നിറഞ്ഞു കിടന്നു. മീനുകള്‍ക്കെല്ലാം നല്ല തിളക്കം, തൊട്ടാല്‍ പിടയ്ക്കുമെന്ന് തോന്നിപ്പിച്ചു. ഒരുറുപ്യേക്ക് നൂറ് മത്തി. ഈര്‍ക്കിലി ചെകിളകള്‍ക്കിടയിലൂടെ കടന്നപ്പോള്‍ മീനുകള്‍ പിടഞ്ഞു! രണ്ട് ഈര്‍ക്കിലികളിലായി നൂറ് മത്തികള്‍ തൂങ്ങിക്കിടന്നു. ആടിനുള്ള ഒരു കെട്ട് പ്ലാവില ഒരു കയ്യിലും മറ്റേ കയ്യില്‍ രണ്ട് കോര്‍മ്പ മത്തിയും... പുഴിക്കളയില്‍ നിന്നും നീര്‍മാതളം പൂത്ത ഇടവഴികളിലൂടെ തിരിച്ച് നടന്നു. ഇലപിടിച്ച കൈകള്‍ കുഞ്ഞു വിരലുകളിലൊന്നിനേയും കൂട്ടിപ്പിടിച്ചു.

കാരക്കയും വെള്ളവും മീന്‍ കറിയും പത്തിരിയും ഒരുക്കി വെച്ച് ബാങ്ക് വിളിക്കായ് കാതോര്‍ത്തിരുന്നു. കറിയില്‍ കിടന്നിരുന്ന മീനുകള്‍ക്ക് അപ്പോഴും തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. അങ്ങകലെ കല്ലൂര്‍ പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നെങ്കിലും സ്വന്തം മഹല്ലിലെ ബാങ്കിന് വേണ്ടി കാത്തിരുന്നു. മുക്കിലപ്പീടികയിലെ പള്ളിയില്‍ നിന്നും ദൈവ്വം വലിയവനാണെന്ന ഓര്‍മ്മപ്പെടുത്തലോടെ ബാങ്ക് വിളി ഉയര്‍ന്നു.

‘ഇക്കാ മീന്‍ പൊരിക്കണോ കറി വെക്കണോ…’ എന്ന ചോദ്യം അയവി‌റക്കലിന് ഭംഗം വരുത്തി. നല്ലപാതിയുടെ കയ്യിലെ പ്ലാസ്റ്റിക് കവറിലിരുന്ന് വെളുത്ത് വെള്ളാമ്പിച്ച മീന്‍ കണ്ണ് തുറിപ്പിച്ച് എന്നെ നോക്കി. ഞാനും തിരിച്ച് കണ്ണുരുട്ടി കാണിച്ചു. ഒന്ന് പേടിക്കാന്‍ പോലുമാവാത്ത വിധത്തില്‍ മീന്‍ വെറുങ്ങലിച്ച് കഴിഞ്ഞിരുന്നു. പുറം ലോകത്തിന് നേരെ വാതിലുകളും ജാലകങ്ങളും കൊട്ടിയടച്ച് ടീവിയിലേക്ക് കണ്ണും നട്ട് ഞാനിരുന്നു - ബാങ്ക് വിളി കാണാനായി… പിന്നെ മോളെ ചേര്‍ത്ത് പിടിച്ച് ഒരാശ്വാസം പോലെ പറഞ്ഞു… ‘നമ്മള് ഉപ്പുപ്പാനെ കാണാന് നാട്ടീ പോവ്വാണല്ലോ‘!

22 comments:

asdfasdf asfdasdf said...

ജനമാന്തരങ്ങളിലേക്കുള്ള യാത്രയ്ക്ക് ആശംസകള്‍ !!

വല്യമ്മായി said...

എഴുത്ത് നന്നായി സം‌വദിക്കുന്നുണ്ട്.വായനക്കാരും ബസ്സ് കയറിപ്പോയി മീന്‍ വാങ്ങി വന്ന് നോമ്പ് തുറന്നു.ഇതറിഞ്ഞിരുന്നെങ്കില്‍ മിനിയാന്ന് മീങ്കറി ഓര്‍ഡര്‍ ചെയ്യായിരുന്നു :).ഒരിക്കലും അനുഭവിക്കാന്‍ കഴിയാതിരുന്ന വെല്ലിപ്പമാരുടെ വാല്‍സല്യത്തെ കുറിച്ച് ഒരു പൊസ്റ്റിടാനിരിക്കുകയായിരുന്നു ഞാനും.

(ഫോണ്ട് സൈസ് കൂട്ടിയാല്‍ നന്നായിരുന്നു.)

ശ്രീ said...

അഗ്രജേട്ടാ...
:)

വേണു venu said...

അഗ്രജന്‍‍ ഭായീ,
നല്ല എഴുത്തു്. ഇഷ്ടപ്പെട്ടു.:)

കുഞ്ഞന്‍ said...

എത്ര ഭംഗിയായിട്ടാണു വെല്ലിപ്പയെ വരച്ചു കാട്ടിയിരിക്കുന്നത്!

ഈ വരികള്‍ മാത്രം മതി “ഈര്‍ക്കിലി കൊണ്ട് തല്ലാനും പറ്റും എന്നത് വല്ലിപ്പാക്ക് അറിയില്ലായിരുന്നു“

പെടയ്ക്കുന്ന മീന്‍- എല്ലാത്തിനും പുതുമണം,പഴഞ്ചെരെങ്കിലും നന്മയുള്ളവര്‍!

തമനു said...

വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു അഗ്രജാ. പിന്‍ തലമുറയുടെ സ്നേഹം ശരിക്കും തിരിച്ചറിയുന്നത് ഇപ്പോഴാണ്...

ശരിക്കും നൊസ്റ്റാള്‍ജിയയെ കുത്തി നോവിച്ചു... :)

വാങ്ങിത്തരില്ല എന്നുറപ്പുള്ള കളിപ്പാട്ടത്തിലേക്കു നോക്കിയിരുന്ന അതേ വേദനയോടെയായിരുന്നു ഞാനും ബസിന്റെ കൈയെത്താ ഉയരത്തിലുള്ള ആ കമ്പിയെ നോക്കിയിരുന്നത് ....

Sathees Makkoth | Asha Revamma said...

അഗ്രജാ, എത്ര ഭംഗിയായാണ് ആ ഓര്‍മ്മകള്‍ കൊണ്ടുവന്നിരിക്കുന്നത്. ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ അല്ലേ?
കൊച്ചുകുട്ടിയുടെ നിരീക്ഷണ പാടവത്തെ വളരെ കുറഞ്ഞ വാക്കുകളില്‍ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു.

Satheesh said...

അഗ്രജാ,
നന്നായി എഴുതി. ശരിക്കും ആ ലോകത്ത് എത്തിയത് പോലെ തോന്നി... നന്ദി!

ഏ.ആര്‍. നജീം said...

എന്താ പറയുക ഹൃദയത്തില്‍ ഒന്നു തൊട്ടൂട്ടോ..
കാരണം എനിക്കും അതുപോലെ ഒരു വല്ല്യുപ്പ ഉണ്ടായിരുന്നു. ഒരു നിമിഷം ആ വല്ല്യുപ്പക്കായ് ഒന്നുകൂടി മനസറിയാതെ ദുആ ചെയ്ത് പോയി.

അപ്പു ആദ്യാക്ഷരി said...

"അരപ്പട്ടയും ചേര്‍ത്ത് വല്ലിപ്പാനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കുഞ്ഞ് മനസ്സ്, ബസ്സിന്‍റെ മുകള്‍ ഭാഗത്തെ കമ്പികളില്‍ കയ്യെത്തിപിടിക്കാന്‍ പാകത്തില്‍ വലുതാവുന്ന നാളുകള്‍ സ്വപ്നം കണ്ടു"

സത്യം പറയാമല്ലോ, നല്ലതായി എഴുതിയിട്ടുണ്ട്. ശരിക്കും ആ കുട്ടിക്കാലത്തേക്ക് എത്തിപ്പോയി.

ഓ.ടൊ. ഒരു ഈര്‍ക്കിലിയില്‍ 50 മത്തികോര്‍ക്കുകയോ ?? പിന്നെ മീനുകള്‍ക്ക് ഇമ ഇല്ല കേട്ടോ, അവ നമ്മളെപ്പോലെ കണ്‍ പോളകള്‍ തുറന്നടയ്ക്കുകയുമില്ല.

Rasheed Chalil said...

ഓര്‍മ്മകളുടെ ഓരത്തൂ‍ടെയുള്ള ഈ യാത്ര നന്നായിരിക്കുന്നു അഗ്രജാ... അഭിനന്ദങ്ങള്‍.

തറവാടി said...

അഞ്ചുപൈസ കുണ്ടില്‍പ്പോയത്‌ തപ്പുന്നവെല്ലിപ്പയും , കൊച്ചുമോനും , ഒപ്പം , ആരെങ്കിലും കണ്ടാല്‍ പത്തുപൈസയെന്നു പറയണമെന്നുള്ള കരാറും , വെല്ലിപ്പയും കൊച്ചുമോനും തമ്മിലുള്ള ബന്ധത്തിലുള്ള ആഴത്തെ കാണാന്‍ സാധിപ്പിച്ച എഴുത്ത്‌.

സുല്‍ |Sul said...

അഗ്രജനേ
ഇതു നന്നായിരിക്കുന്നു. അഗ്രജന്റെ വി-കൃതികളെല്ലാം കൃതികളായി മാറുന്നു. എഴുത്തിന് നല്ല സംവേദനശക്തിയുണ്ട്. വായനക്കാരെ കൂടെ നടത്താന്‍ ആ വരികള്‍കാവുന്നുണ്ട്. ആശംസകള്‍!!

-സുല്‍

കുറുമാന്‍ said...

വളരെ നന്നായിരിക്കുന്നു ഓര്‍മ്മകളുടെ ഈ അയവിറക്ക് അഗ്രൂ. നാട്ടിലേക്കുള്ള യാത്രക്കാശംസകള്‍. ഒപ്പം മുന്‍കൂറായി തന്നെ പെരുന്നാള്‍ ആശംസകള്‍ താങ്കള്‍ക്കും കുടുംബത്തിനും.

Ziya said...

എത്ര ഹൃദയസ്‌പര്‍ശിയായ എഴുത്ത്...
കഥയുടെ പല ഘട്ടങ്ങളിലും അറിയാതെ കണ്ണീര്‍ പൊഴിഞ്ഞു...
ഈ വാത്സല്യം, ഈ സ്നേഹം അത് ശരിക്കും മനോഹരമായിത്തന്നെ വരച്ചു കാട്ടിയിരിക്കുന്നു.

മനസ്സ് എന്റെ ശൈശവത്തിലേക്കും പറന്നു...
വല്ലിപ്പയോടൊപ്പം (ഞങ്ങള്‍ വാപ്പ എന്നാണ്‍ വിളിക്കുക) ബസ് യാത്ര ചെയ്തതും ചന്തയില്‍ പോയതും കായലു വാരത്ത് പോകുന്നതും എന്തു കുസൃതിക്കും കൂട്ടു നില്‍ക്കുന്നതും....

തമനൂസിന്റെ കട് പേസ്റ്റ്: ശരിക്കും നൊസ്റ്റാള്‍ജിയയെ കുത്തി നോവിച്ചു... :)

“അങ്ങകലെ കല്ലൂര്‍ പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നെങ്കിലും സ്വന്തം മഹല്ലിലെ ബാങ്കിന് വേണ്ടി കാത്തിരുന്നു.” ഈ നോമ്പ്‌കാലത്ത് സുഖകരമായ നോമ്പരം, കടുത്ത നൊമ്പരം പകര്‍ന്നു തന്ന അഗ്രൂന് നന്ദി :)

ഓടോ: നിരീക്ഷണ പാടവം പ്രത്യേക പരാമര്‍‌ശം അര്‍ഹിക്കുന്നു :)

ചന്ദ്രകാന്തം said...

തിളങ്ങി നില്‍ക്കുന്ന ഭൂത കാലവും, തിളക്കമുണ്ടെന്ന്‌ സ്വയം വിശ്വസിപ്പിക്കുന്ന വര്‍ത്തമാന കാലവും...
മനസ്സില്‍, ശീമക്കൊന്നയും കോളാമ്പിപ്പൂക്കളും ചായ്ഞ്ഞുനില്‍ക്കുന്ന നാട്ടുവഴിയിലൂടെ, പരിചിത മുഖങ്ങള്‍ ഇനിയും വന്നുപൊയ്ക്കൊണ്ടേയിരിയ്ക്കുന്നു..
സുഖമുള്ള അനുഭവം.

താരാപഥം said...

കല്ലൂര്‍ പള്ളിയിലെ ബാങ്ക്‌ വിളി കേട്ടു. മുക്കിലപ്പീടികയിലെ പള്ളിയിലെ ബാങ്കുവിളികേള്‍ക്കാന്‍ കാത്തിരിക്കുന്നു. ഇവിടെ വാതിലുകളും ജനലുകളും കൊട്ടിയടച്ചതുകൊണ്ട്‌ ടിവിയിലെ ബാങ്കുവിളി കാണാനിരിക്കുന്നു. .... കാത്തിരിപ്പിന്റെ അന്തരമാണിവിടെ കാലത്തിന്റെ മാറ്റം വരച്ചുകാണിക്കുന്നത്‌.

Murali K Menon said...

മനസ്സില്‍ ബന്ധങ്ങളും, സ്നേഹവും നിലനില്‍ക്കുന്നിടത്തോളം നിങ്ങളില്‍ കഥകള്‍ക്കും ഒരു പഞ്ഞമുണ്ടാവില്ല എന്നു മാത്രം പറഞ്ഞുകൊണ്ടും ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ടും

മെലോഡിയസ് said...

ഓര്‍മകളുടെ അയവിറക്കല്‍ വളരെ നന്നായി എഴുതിയിരിക്കുന്നു. നന്നായിട്ടുണ്ട്.

നസീര്‍ കടിക്കാട്‌ said...

കടിക്കാട് നിന്നു പുഴിക്കളയിലേക്കുള്ള
ദൂരം ഇത്തിരിയെങ്കിലും
ഇപ്പോള്‍,ദൂരമേറെയുണ്ട്.
ആ ദൂരത്തെ മായ്ച്ചു തന്നതിനു
നന്ദി!

yousufpa said...

പുയ്ക്കളന്ന് തൊഗ്ഗൂര്‍ക്ക് മ്മിണി വയ്യിണ്ട്......
പണ്ടെല്ലാം കിലോമീറ്റര്‍ നടന്നാലും കാല് കഴയ്ക്കില്ല.ഇന്നിപ്പം മുക്കിലപ്പീടികയില്‍ നിന്ന് നാലാം കല്ല് പോകണമെങ്കില്‍ ഓട്ടോ പിടിക്കണം.

അഗ്രൂ നല്ല പോസ്റ്റ് ...വൈകിയാണെങ്കിലും ആശംസകള്‍.

Manikandan said...

അപ്പോൾ ഈ എഴുത്താണ് ആദ്യമായി അച്ചടിമഷി പുരണ്ടത് അല്ലെ. അഗ്രജനു ആശംസകളും അഭിനന്ദനങ്ങളും.