Tuesday, September 26, 2006

പ്രതിഫലം

ചുട്ടുപൊള്ളുന്ന ചൂടിലും മരം കോച്ചുന്ന തണുപ്പിലും രാപ്പകല്‍ അദ്ധ്വാനിക്കുന്ന തങ്ങള്‍ക്ക് കിട്ടുന്ന അവഗണന ഇനിയും സഹിക്കാന്‍ വയ്യ. അയാളിലെ മുരടിച്ചു പോയിരുന്ന സമരവീര്യം വീണ്ടും പതഞ്ഞുപൊങ്ങി. മെച്ചപ്പെട്ട താമസ സൌകര്യത്തിനും ശമ്പള വര്‍ദ്ധനയ്ക്കും വേണ്ടി ഒന്നിച്ച് സംഘടിക്കാന്‍ രഹസ്യമായി തൊഴിലളികളെ അയാള്‍ ആഹ്വാനം ചെയ്തു.

ഒരു സുപ്രഭാത്തില്‍ കമ്പനിയെ ഞെട്ടിച്ചു കൊണ്ട് തൊഴിലാളികളെല്ലാം പണിമുടക്കി. അന്നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവം. മേലധികാരികള്‍ അന്തം വിട്ടു. ഇത്രയും പെട്ടെന്ന് ഇങ്ങിനെയൊരു സംഘടിക്കല്‍...! ചര്‍ച്ചകള്‍ പെട്ടെന്ന് തന്നെ നടന്നു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. തന്‍റെ പ്രയത്നം ഫലിച്ചതില്‍ അയാള്‍ വളരെ സന്തോഷവാനായിരുന്നു.

പിറ്റേന്ന് ജോലിക്ക് ചെന്ന അയാള്‍ കയ്യില്‍ കിട്ടിയ ടെര്‍മിനേഷന്‍ ലെറ്റര്‍ കണ്ട് ഞെട്ടി. ക്യാന്‍സലേഷന്‍ ഡോക്യുമെന്‍റുകളില്‍ ഒപ്പിടുമ്പോഴും തന്നെ ഒറ്റിക്കൊടുത്തവന്‍ ആരായിരിക്കും എന്ന ചിന്തയിലായിരുന്നു അയാള്‍.

13 comments:

സൂര്യോദയം said...

കേരളത്തിലൊഴികെ എവിടെയും സംഭവിച്ചേക്കാവുന്ന ഒരു സംഭവം... :-)

ഇഡ്ഢലിപ്രിയന്‍ said...

ഒറ്റു കൊടുത്തത്‌ മിക്കവാറും ഒരു ഇന്ത്യക്കാരനാവാനാണ്‌ സാദ്ധ്യത...

അനംഗാരി said...

മുപ്പത് വെള്ളിക്കാശിന് ഒറ്റുന്ന യൂദാസുകള്‍ നമുക്ക് ചുറ്റുമുണ്ട് അഗ്രജാ.സൂക്ഷിച്ചിരിക്കുക.

പാര്‍വതി said...

പലപ്പോഴും അദ്ധ്വാനിച്ചവര്‍ക്ക് അര്‍ഹിച്ച പ്രതിഫലം കിട്ടാറില്ല അഗ്രജാ..

അത് കൊണ്ട് തന്നെ അത് കിട്ടിയവര്‍ക്ക് അതിന്റെ ഗുണദൂഷ്യങ്ങളും അറീയില്ല,ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്.

-പാര്‍വതി.

സു | Su said...

അയാള്‍ ചെയ്തതിന്റെ പ്രതിഫലം കിട്ടി. അത്രേ ഉള്ളൂ. :)

ഇടിവാള്‍ said...

കേരളത്തിലൊഴികെ എവിടെയും സംഭവിച്ചേക്കാവുന്ന ഒരു സംഭവം... :-)

വളയം said...

പാര്‍വ്വതി പറഞ്ഞത് പോലെ തലേന്ന് വരെ സ്വാതന്ത്ര്യസമരക്കാരെ ഒറ്റിക്കൊടുക്കാന്‍ ബ്രിട്ടീഷുകാരന്റെ കാല്‍നക്കിനടന്ന നാട്ടിലെ ചില പ്രമാണിമാരെ പിന്നെ കണ്ടത് സ്വതന്ത്ര്യദിനത്തിന് പതാകയു‌യര്‍ത്തുന്ന ബഹുജനനേതാവായിട്ടായിരുന്നൂവെന്നത് ചരിത്രം.

യേശു കുരിശ്ശായ് ചുമന്നത് മറ്റുള്ളവരുടെ പാപങ്ങളായിരുന്നുവല്ലോ.

സംഭവിക്കാവുന്നതല്ല; ഒരുപാട് തവണ സംഭവിച്ചത്.

ഇത്തിരിവെട്ടം|Ithiri said...

കേരളത്തിലൊഴികെ എവിടെയും സംഭവിക്കാവുന്ന കാര്യം. സമരത്തിന്റെ നന്മയറിയാന്‍ കേരളത്തിന് പുറത്ത് നോക്കിയാല്‍ മതി. തിന്മയറിയണമെങ്കില്‍ കേരളത്തിലും.

അഗ്രജന്‍ said...

സൂര്യോദയം> ശരി തന്നെ.

ഇഡ്ഢലി> :)

അനംഗാരി> നന്ദി.

ഈ മുപ്പത് വെള്ളിക്കാശിന്‍റെ കാര്യം ഈയടുത്തയിടെ കേട്ടിരുന്നല്ലോ... ആരോ 30 ദിര്‍ഹത്തിന് ടെലഫോണ്‍ കാര്‍ഡ് വാങ്ങിയെന്നോ മറ്റോ... വിവാഹിതര്‍ (എക്സ് ബാച്ചിലേഴ്സ്) ക്ലബ്ബിലാണെന്നാണെന്‍റെ ഒര്‍മ്മ ;).

പാര്‍വ്വതി> & വളയം > ഒറ്റുകളുടെ ചരിത്രം ഒരുപാടുണ്ട് സ്വാതത്ര്യസമര കഥകളില്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കഥകള്‍ വായിക്കുമ്പോള്‍ ഞാനെപ്പോഴും കൂടുതല്‍ ചിന്തിക്കാറുള്ളതും അവരെപ്പറ്റി തന്നെ - വാക്കുകളിലും വരികളിലും കുറിച്ച് വെക്കാതെ, ആരുമറിയാതെ പോയ വീരസേനാനികളെ കുറിച്ച്.

സു> :)

ഇടിവാള്‍> ശരി തന്നെ.

ഇത്തിരിവെട്ടം> ശരി തന്നെ.

ദിലീപിന്‍റെ പേഴ്സണല്‍ സെക്രട്ടറിയുടെ ഫോണ്‍ വിളി വന്നതുകൊണ്ടൊന്നുമല്ല പ്രൊഫൈലില്‍ നിന്നും ഫോട്ടോ മാറ്റിയത്, അല്ലേ...!! ഞാന്‍ വിശ്വസിച്ചു - കരീം മാഷ് വിശ്വസിച്ചോ... ആവോ :))

paarppidam said...

എന്താ സംശയം മലയാളിതന്നെ ഇതിത്ര ആലോചിക്കാന്‍ ഉണ്ടോ?

ശാലിനി said...

ഇങ്ങനെ സംഭവിക്കും എന്നറിയാവുന്നതു കൊണ്ടായിരിക്കും ഗള്‍ഫ് രാജ്യങ്ങളില്‍ ആരും ആര്‍ക്കുവേണ്ടിയും സംഘടിക്കാത്തത്.

അഗ്രജാ, നന്നായിട്ടുണ്ട്.

മുരളി വാളൂര്‍ said...

അഗ്രജാ, ചെയ്യേണ്ടതുതന്നെ, സംഘടിക്കുന്നതും അനീതിക്കെതിരെ പോരാടുന്നതും 110% ശരിതന്നെ, പക്ഷെ കേരളത്തിലെപ്പോലെ, ബന്ദും ഹര്‍ത്താലും വന്നാല്‍, ഹാ.. കഷ്ടം എന്നേ പറയേണ്ടൂ.....

അഗ്രജന്‍ said...

പാര്‍പ്പിടം> ശാലിനി> മുരളി> നന്ദി.

വായിച്ചവര്‍ക്കും കമന്‍റിയവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി.