Wednesday, May 02, 2007

'ഹു' അഥവാ ആര് !

...കാഫ് മല കണ്ട പൂങ്കാറ്റേ...
കാരയ്ക്ക നീ കൊണ്ട് വന്നാട്ടേ...
കാരയ്ക്ക കായ്ക്കുന്ന നടിന്‍റെ...

വരാന്തയിലിരിക്കുന്ന നാഷണല്‍ ടേപ്പ് റേക്കൊര്‍ഡറില്‍ നിന്നും നാട്ടാര്‍ക്ക് മൊത്തം കേള്‍ക്കാവുന്നത്രയും ശബ്ദത്തില്‍ ഒഴുകി വരുന്ന മാപ്പിളപ്പാട്ട് അവിടെയൊരു കല്യാണവീടിന്‍റെ പ്രതീതി സൃഷ്ടിച്ചിരുന്നു.

തോളത്ത് കാവും കൊട്ടയും തൂക്കി വന്നിരിക്കുന്ന മീന്‍കാരനില്‍ നിന്നും വിലയെന്തെന്ന് ചോദിക്കാതെ പാത്രം നിറച്ചും മീന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന പെണ്‍പ്രജകള്‍ മുറ്റത്തെ മാവിന്‍ ചുവട്ടിലുണ്ട്. നീല നിറമുള്ള പ്ലാസ്റ്റിക് കയറു കൊണ്ട് കെട്ടിയുണ്ടാക്കിയ അയലില്‍ മൂന്നായി മടക്കാവുന്ന, ഊതിവീര്‍പ്പിക്കാവുന്ന തലയണയുള്ള പായ കഴുകി ഉണക്കാനിടുന്ന വേലക്കാരിപ്പെണ്ണ്. ആ വീട്ടില്‍ നടക്കുന്ന പുതിയ വിശേഷങ്ങളൊന്നും മനസ്സിലാവാതെ പൂവ്വാലിപ്പയ്യ് പകപ്പോടെ തുറിച്ച് നോക്കിക്കൊണ്ട് തൊഴുത്തില്‍ തന്നേയുണ്ട്.

വരാന്തയിലിട്ടിരിക്കുന്ന പ്ലാസ്റ്റിക് വയറുകളാല്‍ നെയ്ത കസേരയില്‍ അമര്‍ന്നിരുന്ന് മുന്നിലിരിക്കുന്ന ടീപ്പോയില്‍ കാലും കയറ്റി വെച്ചിരിക്കുന്ന മമ്മദ്. ചുവപ്പ് പശ്ചാത്തലത്തില്‍ നിറയെ പൂക്കളുള്ള ലുങ്കിയും വക്കുകള്‍ക്ക് കടും നീലനിറമുള്ള ഇളം വൈലറ്റു കളറുള്ള കയ്യില്ലാത്ത ബനിയനും കയ്യില്‍ സ്വര്‍ണ്ണക്കളറുള്ള റാഡോ വാച്ചും - മമ്മദ് ഫുള്‍ഫോമില്‍ തന്നെയാണ്.

ടീപ്പോയ്ക്ക് താഴെ മമ്മദഴിച്ച് വെച്ചിരിക്കുന്ന വെള്ളയില്‍ പച്ച പട്ടകളോടു കൂടിയ ചെരിപ്പ്. ട്രിപ്പിള്‍ ഫൈവ് സിഗരിറ്റിന്‍റേയും ബ്രൂട്ട് സ്പ്രേയുടേയും മിശ്രഗന്ധം കലര്‍ന്ന പരിസരം.

ഇടത് കയ്യിലിരിക്കുന്ന സോസറില്‍ നിന്നും വലത് കൈകൊണ്ട് സുലൈമാനിയുടെ കപ്പ് പൊക്കി ഒന്നു കൂടെ മൊത്തിക്കൊണ്ട്, ഗള്‍ഫ് കഥകള്‍ക്കായി കാതോര്‍ത്ത് കൊണ്ടിരിക്കുന്ന അയല്‍ക്കാരും ബന്ധുക്കളുമായ കേള്‍വിക്കാരോട് മമ്മദ് ബഡായി തുടര്‍ന്നു...

‘ഒരിക്കലൊരറബി ഇന്നെ പിടിച്ചതാണ്... പക്ഷേ, ഇന്‍റെ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് രക്ഷപ്പെതാണ്...’

‘അതെങ്ങനെ...’ കേള്‍വിക്കാര്‍ ഉത്കണ്ഠാകുലരായി.

‘ഞാന്‍ അഞ്ച് സുലൈമാനിയും ആറ് ചായയിലൊന്ന് വിത്തൌട്ടും ട്രേല് വെച്ച് പോകുമ്പഴാണ് ആ പഹയന്‍ അറബി വന്ന് ചോദിച്ചത്...’

‘എന്താ ചോദിച്ചത്...’

‘ജിബ് ബത്താക്കാന്ന്...’

‘എന്ന് വെച്ചാല്!‘ ജനം മുഖത്തോട് മുഖം നോക്കി...

‘ലേബര്‍ കാര്‍ഡെടുക്ക് എന്ന്...
ഇന്‍റെ കയ്യിലെവടെ ലേബര്‍ കാര്‍ഡ്..., ഇക്ക് പെട്ടെന്നൊരു ബുദ്ധി തോന്നി...‘ മമ്മദ് തുടര്‍ന്നു

‘ഞാന്‍ ഓനോട് പറഞ്ഞു... ബത്താക്ക ഫേന്‍റിന്‍റെ കീശേലാണ്... ഇങ്ങള് ഈ ട്രേ ഒന്ന് പിടിക്കിന്‍... ഞാനതെടുത്ത് തരാന്ന്...‘

‘പാവം അറബി ഞാന്‍ പറഞ്ഞത് വിശ്വാസിച്ച് ട്രേ പിടിച്ചതും ഞാനൊരോട്ടങ്ങട്ട് വെച്ച് കൊടുത്തു...’
മമ്മദ് പറഞ്ഞു നിറുത്തി, കുലുങ്ങി ചിരിച്ചോണ്ടിരുന്നു...

എല്ലാവരുടേയും ചിരികള്‍ക്കിടയ്ക്കാണ് മമ്മദ് അത് ശ്രദ്ധിച്ചത്...

മുന്‍വശത്ത് ‘Happy‘ എന്നെഴുതിയ ടീഷര്‍ട്ടുമിട്ട് മുറ്റത്ത് കളിച്ചോണ്ടിരുന്ന പെങ്ങടെ മോള് അപ്പുറത്ത് മുറിച്ചിട്ടിരിക്കുന്ന തെങ്ങിന്‍റെ ആരുകള്‍ നിറഞ്ഞ കുറ്റിയില്‍ കയറി കളിക്കുന്നു... മമ്മദ് പെട്ടെന്ന് തന്നെ മോളെ വിളിച്ച് പറഞ്ഞു...

‘അതിമ്മെ കളിക്കണ്ട മോളേ... ഹു... കേറും... ഹൂ...’

ചിരിച്ചോണ്ടിരുന്നവര്‍ ഒരിക്കല്‍ കൂടെ മുഖത്തോട് മുഖം നോക്കി.

24 comments:

അഗ്രജന്‍ said...

“ആ വീട്ടില്‍ നടക്കുന്ന പുതിയ വിശേഷങ്ങളൊന്നും മനസ്സിലാവാതെ പൂവ്വാലിപ്പയ്യ് പകപ്പോടെ തുറിച്ച് നോക്കിക്കൊണ്ട് തൊഴുത്തില്‍ തന്നേയുണ്ട്...”

"'ഹു' അഥവാ ആര് !" പുതിയ പോസ്റ്റ്!

പണ്ടത്തെ ഒരു ഗള്‍ഫ് വിശേഷം പറയാനായ് ശ്രമിച്ചിരിക്കുന്നു... :)

sandoz said...

അഗ്രൂ.......
ഇതെവിടുന്ന് കിട്ടണു ഇത്രമാത്രം സമയം...
ആഴ്ചക്കുറിപ്പുകള്‍..പടം പിടുത്തം...കഥകള്‍.......

ഞാന്‍ പറഞ്ഞ ഡിറ്റക്റ്റീവ്‌ കഥകള്‍ ഇതുവരെ കണ്ടില്ലാ.....
പാട്ടും.....കാര്‍ട്ടൂണും മറക്കരുത്‌...

ഹൂവിനേക്കാള്‍.....അറബിയെ മക്കാറാക്കിയത്‌ ഇഷ്ടപ്പെട്ടു......

O¿O (rAjEsH) said...

ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ സംഗതി ഇടിവെട്ട്!

വല്യമ്മായി said...

വളരെ നല്ല വിവരണം,ആ ചുറ്റുവട്ടത്തെ ഒരോ അണുവും വിടാതെ.ക്ലൈമാക്സിനേക്കാള്‍ നന്നായത് അതാണ്.

കേട്ടിട്ട് മമ്മത് പോക്കരിനൊരു പാരയാകുന്ന ലക്ഷണമുണ്ട്ട്ടാ.

ikkaas|ഇക്കാസ് said...

മമ്മതിന്റെ ആ ഇരിപ്പും.. ചായകുടീം സുജായി വര്‍ത്താനോം എല്ലാം അങ്ങട് കലക്കി. മമ്മദ് കഥകള്‍ ആഴ്ചേലു മൂന്നുവീതം പ്രസിദ്ധീകരിക്കാമോ?
(കേരളത്തില്‍ ഇപ്പൊ ജോലിസാദ്ധ്യതകള്‍ ഒരുപാടുണ്ട്.)

ബീരാന്‍ കുട്ടി said...

ഇത്‌ കലക്കി, എന്റെ കണ്മുന്നില്‍ ഞാന്‍ കണുന്ന കഥപാത്രങ്ങള്‍. അറബിയടക്കം. കുറച്ച്‌ കൂടി വലിച്ച്‌ നീട്ടി ബോറടിപ്പിക്കമായിരുന്നു.

Sul | സുല്‍ said...

അഗ്രജാ
വിവരണം ഓകെ. കഥ കൈമള്‍ കൊള്ളാം.
പക്ഷെ ശോഷിച്ച കാലുകളില്‍ താങ്ങാനുള്ളതിനേക്കാളും ഭാരം തടിക്ക് വന്ന പോലെ ഒരു തോന്നല്‍. തല വലുതായപോലെയോ, കുമ്പചാടിയപോലെയോ എന്തൊ...
മേലെത്തെ വിവരണം വച്ച് മുന്നോട്ടുപോകുവുകയായിരുന്നേല്‍ ഇതുപോലെ അഞ്ചു കഥയെഴുതാമായിരുന്നു.
-സുല്‍

ഇത്തിരിവെട്ടം|Ithiri said...

അഗ്രജാ... പോസ്റ്റ് വായിച്ചപ്പോള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന നാട്ടുമ്പുറത്തെ പീടികയാണ് മനസ്സിലെത്തിയത്. രാമന്‍‌നായരുടെ തൊടിയിലെ പുല്ലിന് വിലകൂടാനുള്ള കാരണം മുതല്‍ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ക്രൂഡോയലിന്റെ വില വര്‍ദ്ധനയുടെ കാരണം വരേ ചര്‍ച്ച ചെയ്യുന്ന നാട്ടുകാര്‍.

അതേ ചായ പീടികയുടെ സമീപത്തൂടെ ഒരു ഗള്‍ഫുകാരന്‍ വീട്ടിലേക്ക് പോവുന്നു. മുപ്പത് ഇഞ്ച് ലൂസുള്ള പാന്റും സൈക്കോ ഫൈവ് വാച്ചും പോക്കറ്റില്‍ ട്രിപ്പിള്‍ ഫൈവ് പാക്കറ്റും ഇതിനൊക്കെ പുറമേ ഒരു കയ്യില്‍ തൂങ്ങുന്ന ടേപ്പ് റിക്കോര്‍ഡറും അതില്‍ നിന്നുയരുന്ന പാ‍ട്ടും... അപ്പോഴാണ് നാട്ടുകാരില്‍ ആരെങ്കിലും മറ്റൊരുത്തനോട് ചോദിക്കും... അവന്‍ എവിടെയാ... മറുപടി വരും ‘ദുബായീല്’ ഉടന്‍ അടുത്ത ചോദ്യം ‘ദുബായീല്‍ എവിടെയാ...’ ദുബായിലെ കുവൈറ്റില്‘.

പിറ്റേന്ന് വന്ന ഗള്‍ഫുകാരന്റെ വക എല്ലാവര്‍ക്കും ഫ്രീ ചായയും കൂടെ കസ്റ്റംസുകാരോട് യുദ്ധം ചെയ്ത സ്റ്റോറിയും ഫ്രീയായി ലഭിക്കും.

സാന്‍‌ഡോസേ അങ്ങനെ പറയരുത്. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മണിക്കൂറ് ഓഫീസില്‍ ഉറങ്ങാനുള്ളത് കൊണ്ടാ ഡിക്ടറ്റീവാകാന്‍ അഗ്രുവിന് സമയം കിട്ടാത്തത്... നീ ക്ഷമി.

ഓടോ :
പോക്കരെ അങ്ങോട്ട് എടുത്തോളൂ...

മഴത്തുള്ളി said...

‘ജിബ് ബത്താക്കാന്ന്...’

അങ്ങനെ ഒരു അറബി വാക്കു പഠിച്ചു ;) ഇനി ഇത് വല്ല അറബിയുടെ അടുത്ത് ചെന്നു പറഞ്ഞാല്‍ എന്നെ ഓടിക്കുമോ ആവൊ?? :(

ഓ.ടോ.: പണ്ട് ഞാന്‍ മദ്ധ്യപ്രദേശിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ ഒരു പയ്യന് ഐ. ലൌ. യൂ. എന്നതിന്റെ മലയാളം പഠിക്കാന്‍ വല്ലാത്ത മോഹം. ;) തൊട്ടടുത്തുള്ള മിഷന്‍ ഹോസ്പിറ്റലിലെ നേഴ്സുമാരുടെ അടുത്തുപോയി ഷൈന്‍ ചെയ്യാനാണ്. അടുത്ത ദിവസം കണ്ടപ്പോള്‍ അവന്‍ വല്ലാതെ ദേഷ്യപ്പെടാന്‍ തുടങ്ങി. അവനെ എല്ലാവരും കൂടി കളിയാക്കി വിട്ടെന്നും പറഞ്ഞാണവന്റെ ദേഷ്യം. അവനെ ഞാന്‍ പഠിപ്പിച്ചുവിട്ട വാക്ക് : “ഞാന്‍ ഒരു കുരങ്ങനാകുന്നു” ഹി ഹി ;)

വേണു venu said...

പൂവ്വാലീ തുറിച്ചു നോക്കുന്നതു്, ബഡായിയൊക്കെ അങട്ടു് മനസ്സിലായതുകൊണ്ടായിരിക്കും അഗ്രജന്‍‍ ഭായീ...പോരട്ടെ മമ്മതിന്‍റെ വിശേഷങ്ങള്‍.:)

ഏറനാടന്‍ said...

അഗ്രജാ ഹൂ ഈസ്‌ മമ്മദ്‌? എന്നു ചോദിക്കൂല, ഇനിക്കറിയാം. ബനിയാസ്‌ സ്വയറിന്റെ അവിടെ മൂപ്പര്‌ പോണത്‌ കാണാം. ആറടി പൊക്കമുള്ള മമ്മദിനെ ഏത്‌ ആള്‍ക്കൂട്ടത്തിലും കണ്ടെത്താം.

ഹഹ, അങ്ങനെ ഇത്തിരിമാഷിന്റെ പോക്കരിന്‌ ഒരു കൂട്ടായിനി ഞമ്മളെ മമ്മദ്‌ ഹല്ലേ? ഹൂ...

അഗ്രജന്‍ said...

"'ഹു' അഥവാ ആര് !" വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

സാന്‍ഡോസ്
രാജേഷ്
വല്യമ്മായി
ഇക്കാസ്
ബീരാന്‍ കുട്ടി
സുല്‍
ഇത്തിരി
മഴതുള്ളി
വേണുജി
ഏറനാടന്‍

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിച്ച നിങ്ങള്‍ക്ക് പ്രത്യേകം നന്ദി :)

Manu said...

കൊള്ളാം.. നാട്ടിലെ പഴയഗള്‍ഫ് കാരുടെ പൊങ്ങച്ചത്തില്‍ മുങ്ങിയ മടക്കങ്ങള്‍ ഓര്‍ത്തു..

Pramod.KM said...

;);)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഹാ ഹാ ഹാ അവന്‍ അവന്‍ അവന്‍ ആര് ആര് ആര്

വിശാല മനസ്കന്‍ said...

നല്ല പോസ്റ്റ് അഗ്രജന്‍സ്.

ഈ നഖത്തിന്റെ ഇടയില്‍ ആരുടെയെങ്കിലും ‘ഹൂ‘ കയറിയിട്ടുണ്ടോ?

ഹോ! എന്താ ഒരു സുഖം എന്നറിയോ? അടക്കാമരത്തിന്റെ വാരിയില്‍ നിന്ന് കയറണം. അതാ റ്റോപ്പ്!

തറവാടി said...

അഗ്രജാ ,

നല്ല വിവരണം എന്നാല്‍ ,

കഥാപാത്രം പറയുന്നത് ‘ബെഡായി’ ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കേള്‍ക്കുന്ന വരും വായനക്കാരുമാണ് കഥാകാരനല്ല.

ഒരു വ്യത്യാസം കാണുന്നുണ്ട് , നന്നായി

സതീശ് മാക്കോത്ത് | sathees makkoth said...

അഗ്രജാ, ഇതെവിടുന്നു കിട്ടുന്നു ഇത്രയധികം സമയം. പോസ്റ്റുകള്‍ ഒന്നിനൊന്ന് മെച്ചം.
ബഡായി നന്നായി ബോധിച്ചു.

salim | സാലിം said...

അഗ്രജാ ഗള്‍ഫ് ബഡായി ഉഗ്രന്‍! ഇത്തിരീടെ പോക്കരും അഗ്രൂന്റെ മമ്മതുംകൂടി ബൂലോഗം ഫത്ത്‌ഹാക്കൂല്ലോ!

സാരംഗി said...

:-) ഗള്‍ഫ്‌ കാരന്റെ വീട്‌ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അത്തര്‍ മണം പോലെ, ഈ ഗള്‍ഫ്‌ വിശേഷം....

അപ്പു said...

അഗ്രജാ, വല്യമ്മായി പറഞ്ഞതുപോലെ പണ്ടത്തെ ഗള്‍ഫുകാരന്റെ വീടും, ഗള്‍ഫില്‍നിന്നു നാട്ടിലേക്ക് വന്നാലുള്ള പുകിലും വിവരിച്ചത് വളരെ നന്നായിരിക്കുന്നു. “ആര്” എന്നാല്‍ എന്താണെന്ന് ചെറുതായി ഒന്നു പറയാമായിരുന്നു. കേരളത്തില്‍ മുഴുവന്‍ തെങ്ങിന്റെ ആരിന് അങ്ങനെയാണോ പറയാറെന്ന് ആരുകണ്ടു. ചെമ്പകത്തെ പാലയെന്നും അരളിയുമെന്നൊക്കെ വിളിക്കുന്ന നാടാണേ...!!

Siju | സിജു said...

:-)

അഗ്രജന്‍ said...

Manu
Pramod.KM
കുട്ടിച്ചാത്തന്‍
വിശാല മനസ്കന്‍
തറവാടി
സതീശ് മാക്കോത്ത് | sathees makkoth
salim | സാലിം
സാരംഗി
അപ്പു
Siju | സിജു

"'ഹു' അഥവാ ആര് !" വായിച്ച, അഭിപ്രായം പറഞ്ഞ നിങ്ങള്‍‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

മുല്ലപ്പൂ || Mullappoo said...

:)