Sunday, September 10, 2006

ബി. പി. അഥവാ ഭാര്യയെ പേടി

‘എന്നെയിങ്ങനെ ദേഹോദ്രപവം ഏല്പിക്കുന്ന കുടലയായ സാറാമ്മേ, നിന്നെ നാളെ പാമ്പ് കടിക്കും’... കുഞ്ഞുവറീത് മനമുരുകി പ്രാകി. ഭാര്യയില്‍ നിന്നും കിട്ടിയ ഇടിയും തൊഴിയും ഒരു പുത്തരിയല്ലാത്തത് പോലെ അയാള്‍ പുറത്തിറങ്ങി. സാറാമ്മ അങ്കം കഴിഞ്ഞ് വിറകൊടിക്കാന്‍ പോയി.

കടത്തിണ്ണയില്‍ ഇടി കിട്ടിയതിന്‍റെ ക്ഷീണം തീര്‍ക്കുകയായിരുന്ന കുഞ്ഞുവറീത് ആ വാര്‍ത്ത കേട്ട് ഞെട്ടി. സാറാമ്മയെ പാമ്പ് കടിച്ചു. ‘ദൈവമേ... എന്‍റെ ശാപം ഇത്ര പെട്ടെന്ന് ഫലിച്ചോ’. അയാള്‍ ധൃതിപ്പെട്ട് വീട്ടിലെത്തിയപ്പോഴേക്കും എല്ലം കഴിഞ്ഞിരുന്നു.

തന്നെ ഒരു പാട് ഇടിച്ചിട്ടുണ്ടെങ്കിലും സാറാമ്മയുടെ മരണം വറീതിനെ ദുഃഖത്തിലാക്കി സംസ്കാരത്തിന് സാറാമ്മയെ പള്ളിയിലേക്കെടുക്കുകയായിരുന്നു. അടുത്ത ബന്ധുക്കളാണ് മഞ്ചം ചുമക്കുന്നത്. പിന്നില്‍ ദുഃഖിതനായി വറീതും. പള്ളിയിലെത്താന്‍ കാട്ടുവഴിയിലൂടെ കുറച്ച് നടക്കണം.

വിലാപയാത്ര നിശബ്ദമായി കടന്ന് പോകുന്നു. പെട്ടെന്ന് വലിയൊരൊച്ച കേട്ടു. മഞ്ചം ചുമന്നിരുന്ന ഒരാള്‍ വഴിയില്‍ കിടന്ന വേരില്‍ കാലുടക്കി വീണതാണ്. മഞ്ചം ദൂരേക്ക് തെറിച്ച് വീണു. അപ്പോഴാണ് അത്ഭുതം... സാറാമ്മയുടെ കൈ അനങ്ങുന്നതായി ആരോ കണ്ടു. അയാള്‍ ബഹളം വെച്ചു... ‘സാറാമ്മ കയ്യനക്കി... സാറാമ്മ കയ്യനക്കി’. എല്ലാവര്‍ക്കും പരിഭ്രമമായി. അവര്‍ സാറാമ്മയേയും കൊണ്ട് ആശുപത്രിയിലേക്കോടി. ആശുപത്രിയിലേക്കെത്തിയപ്പോഴേക്കും സാറാമ്മ എഴുന്നേറ്റിരുന്നു.

പിന്നെയും പത്ത് വര്‍ഷങ്ങള്‍ കൂടെ സാറാമ്മ ജീവിച്ചു.

പത്താം വര്‍ഷം സാറാമ്മ വീണ്ടും മരിച്ചു. മഞ്ചം പള്ളിയിലേക്കെടുത്തു. വിലാപയാത്ര പഴയ വഴിയിലൂടെ നടന്ന് പോകുന്നു. ശവമഞ്ചം ചുമന്നവര്‍ കാല്‍ തട്ടി വീണ പഴയ സ്ഥലത്തെത്തിയപ്പോള്‍ കുഞ്ഞുവറീത് അറിയാതെ വിളിച്ച് പറഞ്ഞു.

‘എടാ വര്‍ക്കീ, സൂക്ഷിച്ച് നടക്കെടാ... വഴിയിലൊക്കെ വേരുണ്ട്’.വനിതയില്‍ മാര്‍ച്ച് 2002, ലക്കം 15-31-ല് വന്ന ബി.പി. ഹസ്ബന്‍റ്സ് എന്ന ലേഖനത്തില്‍ നിന്ന്

15 comments:

അഗ്രജന്‍ said...

ഒരു പകര്‍ത്തിയെഴുത്ത് പോസ്റ്റാക്കിയിട്ടുണ്ടിവിടെ :)

ഇത്തിരിവെട്ടം|Ithiri said...

ഒരു അശ്രദ്ധ കൊണ്ട് ഉണ്ടായ ദുരിതം... ഹെന്റമ്മോ.. വീണ്ടും പത്തുവര്‍ഷം.

മോനേ അഗ്രൂ വീട്ടുകാരി വായിക്കാതെ നോക്കണേ.

ഏറനാടന്‍ said...

അഗ്രജന്‍ജീ.. എനിക്ക്‌ ആകെ ഡിങ്കോലാഫിയായിപോയി! ഈ പകര്‍ത്തിയെഴുത്ത്‌ താങ്കളുടെ സ്വന്തം കൃതിതന്നെയല്ലേ? അതോ വനിതയിലെയേതൊ തരുണീമണിയുടെ അടിച്ചെടുത്തതോ?! ഏതായാലും നന്നായിട്ടുണ്ട്‌.

അഗ്രജന്‍ said...

ഇത്തിരിവെട്ടം: ശ്രീമതി തന്നേണ് ഇതെവിടെന്നോ തപ്പിയെടുത്ത് തന്നത് :)

ഏറനാടന്‍: അമ്മയാണേ സത്യം, എന്‍റെ സ്വന്തമല്ല...

വായിച്ചപ്പോള്‍ ഇഷ്ടായി... വഴിയിലെ വേരുകളൊക്കെ എപ്പഴും ശ്രദ്ധിക്കണമെന്ന് എല്ലാരോടും പറയാനും തോന്നി ;)

ഇടിവാള്‍ said...

അഗ്രജാ...
ഇതു താങ്കളുടെ കൃതിയാണെങ്കില്‍... കൊട് കൈ !!! അലക്കന്‍ ! അമറന്‍ !


അല്ല, ഇനി ഇതു വെറുമൊരു പകര്‍ത്തിയെഴുത്താണെങ്കിലും.. നന്ദി ! വായിച്ചു ശരിക്കും ചിരിച്ചു !

തറവാടി said...

തുറന്ന് പറയുക എന്നത് തന്റേടം ഉള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്‍...നന്നായി അഗ്രജാ...

കുട്ടന്മേനൊന്‍::KM said...

അഗ്രജാ.ഈ വക സാധനങ്ങളൊക്കെ ഇഷ്ടം പോലെ സ്റ്റോക്കു ചെയ്ത് വെച്ചിട്ടുണ്ടല്ലേ..ഒരു മനസമാധാനത്തിന് ...ഹ.ഹ.ഹ..

ശ്രീജിത്ത്‌ കെ said...

ഇത് വായിച്ചപ്പോള്‍ “പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍” എന്ന സിനിമ ഓര്‍മ്മ വന്നു.

അഗ്രജന്‍ said...

ഇടിവാള്‍: കൈ എന്തായാലും തന്നിരിക്കുന്നു, പക്ഷെ ലവന്‍ പകര്‍ത്തിയെഴുത്ത് തന്നെ.

തറവാടി: നന്ദി. വല്യമ്മായിക്കീ പോസ്റ്റങ്ങട്ട് പിടിച്ചിട്ടില്ലാന്ന് തോന്നുന്നു...:)

കുട്ടന്‍ മേനോന്‍: :) മുഖത്ത് കൊറേ വരയൊക്കെ ഇട്ടിട്ടുണ്ടെങ്കിലും, അഞ്ഞൂര് പള്ളിപ്പെരുന്നാളിന് കണ്ടത് പോലെ തോന്നുന്നു :)

ശ്രീജി: സത്യം, എനിക്കും ആ പടമാണ് ഓര്‍മ്മ വന്നത്.

ഇടിവാള്‍ said...

കുട്ടമേന്‍‌ന്റെ വീട് ഗുരുവായൂര്‍-മുല്ലശ്ശേരി റൂട്ടിലാണെന്നറിഞ്ഞ ശേഷം എനിക്കൊരു വൈക്‍ളബ്യം !

പറഞ്ഞു പിടിച്ചു വരുമ്പോ പരിചയക്കാരാവുമോ എന്തോ !

മേന്ന്ന്നേ‌ .. ഈ കുട്ടന്‍‌മേന്ന്‌ന്ന് എന്നുള്ളത് നിക്ക് നെയിമാണെന്നു പറഞ്ഞല്ലോ ! ശെരിക്കും പേരെന്താ.. ഗുരുവായൂര്‍ കേശവനെന്നെങ്ങാനുമാണോ ?

കുട്ടന്മേനൊന്‍::KM said...

അഞ്ഞൂര് വന്നിട്ടുണ്ടെങ്കിലും പെരുന്നാളിന് കാണാന്‍ ബുദ്ധിമുട്ടാണ്.
ഇടിവാളേ : ശരിക്കുള്ള പേരൊക്കെ ഇവിടെയുള്ള ബ്ലോഗിന്റെ ചില സ്ഥാപക നേതാക്കന്മാര്‍ കണ്ടുപിടിച്ചു കഴിഞ്ഞു. ഇടിവാള് പേടിക്കണ്ട. നമ്മള് തമ്മില്‍ കണ്ടിട്ടില്ല.

ഉമ്മര് ഇരിയ said...

അസ്സലായിട്ടുണ്ട്.ഇനിയും പോരെട്ടെ.

അനംഗാരി said...

അഗ്രജാ, ഭാര്യ ഒരു മുന്നറിയിപ്പ് തന്നിരിക്കുന്നു. അതു മനസ്സിലാക്കാന്‍ അഗ്രജന് കഴിഞ്ഞില്ലേ?.എന്തായാലും, സൂക്ഷിക്കുക. എനിക്കത്രേ പറയാനുള്ളു. എന്റെ സങ്കടം ആരു കണ്ടു...?

മഴത്തുള്ളി said...

അഗ്രജാ,

അയാള്‍ ബഹളം വെച്ചു... ‘സാറാമ്മ കയ്യനക്കി... സാറാമ്മ കയ്യനക്കി’.

ആ വിളിച്ചുപറഞ്ഞവനെ കുഞ്ഞുവറീത് ഒന്നും ചെയ്തില്ലേ? ഇത്തിരി പറഞ്ഞതുപോലെ 10 വര്‍ഷത്തിന് ശേഷമായിരിക്കും പിന്നെ കുഞ്ഞുവറീതിന്റെ ബി.പി. നോര്‍മ്മലായത് ;)

ഇഷ്ടപ്പെട്ടു മാഷേ.......

ഇക്കു said...

ഹ് ഹ് ഹ്...
അഗ്രൂ... നന്നായിട്ടുണ്ട്..