Wednesday, July 11, 2007

മുഹൂര്‍ത്തം 12 മണിക്ക്

ഓര്‍ക്കുട്ടില്ല, പിന്മൊഴിയില്ല, മറുമൊഴിയില്ല... അറ്റ്ലീസ്റ്റ് ഓഫീസില്‍ ഒരു കിളിമൊഴി പോലുമില്ല.
ഈ നിലക്ക് എങ്ങിനെ ജോലി ചെയ്യും... വിരസമായ മറ്റൊരു ദിനം.
‘സുന്ദരി നീ വന്നു ഖസലായ്...’
പാട്ട് മുഴുവനാവുന്നതിന് മുമ്പ് തന്നെ ഫോണെടുത്തു.
‘ഹലോ...’
‘ഹലോ...’
ബ്ലോഗര്‍ സുഹൃത്താണ്...
കുശലം, ബ്ലോഗ് വിശേഷങ്ങള്‍...
കാര്യത്തിലേക്ക് വാഡേയ്... മനസ്സില്‍ പറഞ്ഞു...
‘ഡേയ് പോസ്റ്റിടാന്‍ ഏതാ നല്ല ദിവസം, ഒന്ന് നോക്കിക്കേ...’ അങ്ങനെ വാ...
‘ഞാനെന്തെടേയ് കണിയാനോ...’ എന്ന് പറഞ്ഞെങ്കിലും, ഒരുപദേശം ചോദിച്ചതല്ലേ, കൊടുത്തേക്കാം എന്ന് കരുതി.
മനസ്സില്‍ കവടി നിരത്തി... ഇന്ന് ബുധനാഴ്ച... ങും നല്ല ദിവസമാണ്.
‘ഇന്ന് പോസ്റ്റിടാന്‍ പറ്റിയ ദിവസമാണ്’
‘അതിന് പോസ്റ്റൊന്നും റെഡിയായിട്ടില്ല...’
‘പിന്നെന്ത് കോപ്പിനാ ചോദിച്ചത്...’
ബ്ലോഗറെ വിഷമിപ്പിക്കാനോ സങ്കടെപ്പെടുത്താനോ പാടില്ല... ഒരു കമന്‍റിന്‍റെ ഉറവിടമല്ലേ... അതും കമന്‍റ് ക്ഷാമം നേരിടുന്ന ഈ പഞ്ഞകാലത്ത്. വീണ്ടും കവടി നിരത്തി.
‘വെള്ളി, ശനി, ഞായര്‍... പോസ്റ്റിടാന്‍ നല്ല ദിവസമല്ല...’
‘അതെന്തേ....’
‘പറേണതങ്ങട്ട് കേട്ടാ മതി....’
‘ങും...’
‘വെള്ളി ശനി ദിവസങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒഴിവു ദിവസങ്ങളാണ്...’
‘അപ്പോ ഞായറാഴ്ച...’
‘എടാ ബ്ലോഗറേ, ഞായറാഴ്ച ലോകമൊട്ടുക്ക് ഒഴിവു ദിവസമല്ലേ...’
‘ഹായ് ഒഴുവുദിവസമല്ലേ ആള്‍ക്കാര്‍ക്ക് വായിക്കാന്‍ സമയം കിട്ടുക...’
‘ബെസ്റ്റ് കണ്ണാ ബെസ്റ്റ്... ആരാടോ കുടുമത്തിരുന്ന് ബ്ലോഗ് വായിക്കാന്‍ പോണത്... ഇതൊക്കെ ഓഫീസ് ടൈമില്‍ നടത്തേണ്ടുന്ന കാര്യങ്ങളല്ലേ...’
‘എന്നാ പിന്നെ നാളെ ഇടാം അല്ലേ...’
‘നാളെ... ങും വ്യാഴ്ചാഴ്ചയല്ലേ...’
‘അതെ’
‘നാളെ പോസ്റ്റിടാം, പക്ഷെ രാവിലെ തന്നെ വേണം...’
‘അതെന്താ...’
‘താനേത് കോത്തഴത്ത് കാരനാടോ... നാളെ ഗള്‍ഫില്‍ ഹാഫ്ഡേ ജോലിക്കാരാ കൂടുതല്‍ പേരും...’
‘എന്നാ ഞാന്‍ പോസ്റ്റെഴുതട്ടെ...’
‘ങും ഞാനും ഒരെണ്ണം എഴുതാന്‍ പോവുന്നു...’
ആ ബ്ലോഗര്‍ ഫോണ്‍ കട്ട് ചെയ്തു...
അദ്ദേഹം ഇപ്പോള്‍ പോസ്റ്റ് എഴുതുകയായിരിക്കാം.
ഇതാണെങ്കില്‍ എഴുതിക്കഴിഞ്ഞു - പോസ്റ്റിയേക്കാം - അല്ലേ!

18 comments:

മുസ്തഫ|musthapha said...

ഒരു പോസ്റ്റ് വന്ന വഴി

അപ്പു ആദ്യാക്ഷരി said...

ഉപദേശത്തിനു നന്ദി അഗ്രജപ്പണിക്കരേ...

ഓ.ടോ. നാളെ പോസ്റ്റിക്കഴിഞ്ഞ് കമന്റൊന്നും കിട്ടിയില്ലെങ്കില്‍ ഞാന്‍ ദക്ഷിണയുള്‍പ്പടെ തിരിച്ചുവാങ്ങും പറഞ്ഞില്ലെന്നു വേണ്ടാ.

asdfasdf asfdasdf said...

അതുശരി.. കണ്‍സള്‍ട്ടേഷന്‍ എന്നു തുടങ്ങി ? ആ വിളിച്ച നമ്പര്‍ ഒന്നു തരുമോ ? :)

വല്യമ്മായി said...

ഈ ആശയത്തിന്റെ കോപ്പിറൈറ്റ് എന്‍റെയാണ് എന്‍റെയാണ് എന്‍റെയാണ്

തറവാടി said...

വേറൊരു പണിയുമില്ലെങ്കില്‍ ദാ , ഓഫീസ്സിന്നു പുറത്തേക്കോട്ടൊന്ന് നോക്കിയെ , എത്ര ആളുകളാ താഴെ റോഡിലൂടെ നടന്നു പോകുന്നതെ , അവയില്‍ എത്ര പാക്കിസ്താനികള്‍ , ഇന്‍ഡ്യക്കാര്‍ , സൂരികള്‍ , സുഡാനികള്‍ എന്നൊക്കെ എണ്ണി തിട്ടപ്പെടുത്തി ഡയറിയില്‍ സൂക്ഷിക്കുക എന്നിട്ട് എന്നും ഈ പണി തുടരുക വെത്യാസം നോക്കുക

ഇതിനു പറ്റില്ലെങ്കില്‍ , താഴെക്കൂടി പോകുന്ന വണ്ടികളുടെ എണ്ണമെടുക്കുക

അതും പറ്റില്ലെങ്കില്‍ വായിച്ചോ അല്ലാതെയോ കുറച്ചു കമന്‍റ്റുകള്‍ കൊടുക്കുക അതിനും പറ്റില്ലെങ്കില്‍........ഇല്ല ഞാനൊന്നും പറയുന്നില്ല.

അഗ്രജാ പോസ്റ്റ് നന്നയി എന്നൊന്നും ഞാന്‍പറയില്ല , എന്നും നടക്കുന്ന , നടന്നേക്കാവുന്ന ഒരു കാര്യം പറഞ്ഞു , പച്ചയായി അതെനിക്ക് പിടിച്ചു!

ഏറനാടന്‍ said...

അതെ, അയാള്‍ പോസ്‌റ്റെഴുതുകയാണ്‌... ഹി ഹ ഹീ

Rasheed Chalil said...

കമന്റ് യന്ത്രം:
നിങ്ങളുടെ ബ്ലോഗില്‍ കമന്റ് വരാതിരിക്കുക. വായനക്കര്‍ക്ക് കമന്റ് വെയ്ക്കാന്‍ തോന്നാതിരിക്കുക. അനോണികള്‍ സ്ഥിരമായി തെറി വിളിക്കുക ഇത്തരം പ്രശ്നങ്ങള്‍ താങ്കളെ അലട്ടുന്നു...?

ഇനി പോസ്റ്റ് പബ്ലിഷ് ചെയ്ത ദിവസം തന്നെ അമ്പത് കമന്റും തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ നൂറ് കമന്റുകളും താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ...?

ബ്ലോഗിന്റെ വലത് വശത്ത് സ്ഥാപിച്ച കൌണ്ടറില്‍ സന്ദര്‍ശകരുടെ എണ്ണം ദിവസവും ആയിരം വെച്ച് വര്‍ദ്ധിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ...?

കൂടാതെ കമന്റിലെ അക്ഷരപിശക്, ആശയ ദാരിദ്യം, കൊടുത്ത കമന്റ് തിരിച്ച് കിട്ടതിരിക്കുക, നിങ്ങളുടെ കമന്റിനെ ആരെങ്കിലും വിമര്‍ശിക്കുക... ഇത്തരം കമന്റ് ബ്ലോഗ് സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി അമേരിക്കയിലും ആഫ്രിക്കന്‍ വനാന്തരങ്ങളിലും ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള ട്രാഫിക്കിലും തപസ്സിരുന്ന് ഈയിടെ ബ്ലൊഗാനന്ദ പദവി ലഭിച്ച പ്രസിദ്ധ ബ്ലോഗ് ജോതിഷരത്നം ശ്രീശ്രീശ്രീ അഗ്രജഗുരു ബ്ലൊഗാനന്ദ പ്രത്യേകം ചിട്ടപ്പെടുത്തിയ കമന്റ് കണ്ട്രോള്‍ യന്ത്രം വില്പനയ്ക്ക്. ആവശ്യമുള്ളവര്‍ ഇവിടെ ഒരു കമന്റിലൂടെയോ അല്ലെങ്കില്‍ അഗ്രജന്‍@ജിമെയില്‍ ഡോട്ട് കോമിലേക്ക് ഒരു മെയിലിലൂടെയോ ആവശ്യപ്പെടുക.
വില 10 യു എസ് ഡോളര്‍.
ഇനി നേരിട്ട് സന്ദര്‍ശനം ആവശ്യമുള്ളവര്‍ യു യെ ഇ - ഷാര്‍ജയിലെ റോളയില്‍ ചെന്ന് അഗ്രൂ... എന്ന് മൂന്ന് പ്രാവശ്യം നീട്ടി വിളിച്ചാല്‍ അദ്ദേഹം നേരിട്ട് പ്രത്യക്ഷപ്പെടുന്നതായിരിക്കും...

കമന്റ് യന്ത്രം വാങ്ങുക... നിങ്ങളുടെ ബ്ലൊഗിനെ രക്ഷിക്കുക.

ഓടോ: എനിക്ക് ഇത്രയേ പറ്റൂ അഗ്രജാ... കമ്മീഷന്റെ കാര്യം മറക്കരുത്.

സാജന്‍| SAJAN said...

ഹി ഹി ഒരു പോസ്റ്റ് വരുന്ന വഴിയേ???
ഇതേ കാര്യം ഞാനും ഒരു ബ്ലോഗറായി ചര്‍ച്ച ചെയ്തിരുന്നു അങ്ങനെ എന്റെ അഭിപ്രായത്തില്‍ പോസ്റ്റിടാന്‍ പറ്റിയ സമയം തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ശുഭ മുഹൂര്‍ത്തം ആണ്!
അങ്ങനെയാണ് ഞാന്‍ മണ്‍ഡേയ്കളില്‍ പോസ്റ്റുകളിട്ടിരുന്നത്, ഇനി പറഞ്ഞിട്ടെന്താ ഹാ അതൊക്കെ ഒരു നല്ലകാലം:)

മെലോഡിയസ് said...

ഹ ഹ അഗ്രു ക്കാ.. അപ്പ കണിയാന്റെ പണി തുടങ്ങിയല്ലേ? ഇങ്ങനെ തുറന്നടിച്ച് പറഞ്ഞത് ഇഷ്ട്ടപ്പെട്ടു ട്ടാ..

കപീഷ് said...

:)
(കട്: തറവാടി)

സുല്‍ |Sul said...

പണ്ടുപണ്ടൊരു രാജ്യത്ത്
ഒരു രാജാവും റാണിയുമുണ്ടായിരുന്നു.
ഒരിക്കല്‍ റാണി ബ്ലോഗ് കണിയാന്റെ ഫോണില്‍ ഖസലായൊഴുകിയെത്തി. അന്നു രാജാവിനു കലശലായ മോഹം തന്റെ ബ്ലോഗില്‍ ഒരു പോസ്റ്റിടണം. രാജാവ് റാണിയോട് തന്റെ ആഗ്രഹം വെളിപ്പെടുത്തി. റാണി തടഞ്ഞു
“ഇന്നു പോസ്റ്റിടരുത്, വെള്ളി, ശനി ഞായര്‍ ദിവസങ്ങള്‍ പോസ്റ്റിടാന്‍ നല്ലതല്ല”
ഇതു കേട്ടതും രാജാവ് ദു:ഖമഭിനയിച്ച്, സന്തോഷത്തോടെ, എങ്ങിനെയെങ്കിലും ഒരു പോസ്റ്റിട്ടാല്‍ മതിയെന്നു കരുതി മറ്റൊരു വേര്‍ഡ് പ്രസ്സ് അന്വേഷിച്ചു പോയി.

മിത്രന്‍ said...

പിച്ചവെച്ചും കാലിടറി വീണും നടക്കാന്‍ പഠിച്ച് വലുതായ മലയാള ബൂലോകം ഈയവസ്ഥയിലേക്ക് കൂപ്പ് കുത്തുന്നത് പരിതാപകരമാണ്. സങ്കടപ്പെടാനല്ലാതെ ഈ പാവം സഹയാത്രികന് എന്ത് ചെയ്‌വാന്‍..
നടക്കട്ടെ. ഇങ്ങനെയും ബ്ലോഗിംഗ് വളരട്ടെ.

krish | കൃഷ് said...

ഇപ്പോള്‍ ഓരോ ദിവസവും എത്രയെത്ര പോസ്റ്റുകളാ വരുന്നത്. ഇതില്‍ മൂന്നിലൊന്നുപോലും തുറന്നുനോക്കാന്‍ പറ്റുന്നില്ല. ഒരു പത്ത് പോസ്റ്റെങ്കിലും വായിക്കാന്‍ പറ്റുന്നില്ല. അപ്പഴാ ഒരു ജ്യോത്സ്യന്‍ ഇറങ്ങിയിരിക്കുന്നത്. ഓരോ ദിവസത്തേയും കൊള്ളാവുന്ന പോസ്റ്റുകള്‍ ഏതെന്ന് കവടി നിരത്തി പറയുമോ ജ്യോത്സരേ.

അപ്പു ആദ്യാക്ഷരി said...

ഹാ.ഹാ.ഹാ... ഇത്തിരിയുടെയും, സുല്ലിന്റെയും കമന്റിഷ്ടമായി. കൃഷ് പറഞ്ഞതിന്റെ അടിയിലൊരു ഒപ്പും

ഷാനവാസ്‌ ഇലിപ്പക്കുളം said...

അഗ്രു ഇക്കാ, അപ്പോഴങ്ങനെയാണ്‌ ബൂലോകത്തോരോ പോസ്റ്റുകളുണ്ടാകുന്നത്‌ അല്ലേ! നടക്കട്ടെ:) ഇത്തിരിയുടെ യന്ത്രമാഹാത്മ്യം ഇഷ്ടപ്പെട്ടു:)

അഞ്ചല്‍ക്കാരന്‍ said...

നല്ല നിരീക്ഷണം.

മുസ്തഫ|musthapha said...

അപ്പു
നന്ദി വരവ് വെച്ചിരിക്കുന്നു... ഓ.ടോ. യില്‍ പറഞ്ഞത് പോലെ കമന്‍റൊന്നും കിട്ടിയില്ലെങ്കില്‍ വരവ് വെച്ചത് തിരിച്ചേല്പിക്കുന്നതാണ്. നന്ദി ബാക്ക് ഗ്യാരണ്ടി :)

കുട്ടമ്മേനൊന്‍| KM
വിളിച്ച ആളെ പറ്റി ഒരു ക്ലൂ തരാം... കുട്ടമ്മേനോന് കിട്ടേണ്ട തേങ്ങ തട്ടിയെടുത്ത ആളാണ് :)

വല്യമ്മായി
അത് നമ്മളീ വെള്ളീയാഴ്ച ഉച്ചയ്ക്ക് പോണ ഒരു സ്ഥലമില്ലേ... അവിടെ പോയി പറഞ്ഞാല്‍ മതി :)

തറവാടി
വരവ് വെച്ചിരിക്കുന്നു... ഇനി അടുത്ത ചിന്താ പോസ്റ്റുമായി വാ... മടക്കി തന്നേക്കാം :)

ഏറനാടന്‍
:)

ഇത്തിരിവെട്ടം
എന്‍റെ പോസ്റ്റിനേക്കാളും ഒത്തിരി ദൂരെപോയി ഈ കമന്‍റ് :)

SAJAN | സാജന്‍
അപ്പോ ഞാന്‍ പറഞ്ഞത് സത്യമാണല്ലേ :)

മെലോഡിയസ്
ഇവിടെ ആരും കണിയാനായി ജനിക്കുന്നില്ല... സാഹചര്യങ്ങളാണ് അവനെ കണിയാനാക്കുന്നത് :)

കപീഷ്
:)
(കട്: സ്വന്തം വഹ)

Sul | സുല്‍
ഇത്തിരിവെട്ടത്തിന് ഫസ്റ്റ് പ്രൈസും നിനക്ക് സെക്കന്‍റ് പ്രൈസും :)

Navan
:)

കൃഷ്‌ | krish
ആദ്യം ദക്ഷിണ വെയ്ക്കൂ...
മിനിമം ദക്ഷിണ ഒരു മാസത്തേക്കൂള്ള കമന്‍റ് ഗ്യരണ്ടി :)

ഷാനവാസ്‌ ഇലിപ്പക്കുളം
കാറ്റുള്ളപ്പോള്‍ പാറ്റണം എന്നല്ലേ ചൊല്ല് :)

അഞ്ചല്‍കാരന്‍
:)

അപ്പു വിളിച്ചപ്പോള്‍ പറഞ്ഞ തമാശകള്‍, പോസ്റ്റാക്കാമെന്ന് രണ്ട് പേരും പറഞ്ഞപ്പോള്‍, അപ്പു എനിക്ക് വേണ്ടി പിന്മാറി തന്നപ്പോള്‍ ചെയ്ത ഒരു പാതകം... എങ്കിലും ഇതില്‍ പറഞ്ഞത് ഒരു യാഥാര്‍ത്ഥ്യം മാത്രം... പലരും ചിന്തിക്കുന്ന അല്ലെങ്കില്‍ സ്വീകരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു നയം :)

വായിച്ച അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

എസ്. ജിതേഷ്ജി/S. Jitheshji said...

സ്നേഹവും കമന്‍ടുമൊക്കെ പാത്രമറിഞ്ഞേ വിളമ്പാവൂ എന്ന് അനുഭവം..