Wednesday, January 09, 2008

പ്രവാസി സര്‍വ്വകലാശാല

പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. പ്രവാസി ദിനം ആചരിച്ചത് കൊണ്ടോ പ്രവാസി ക്ഷേമനിധി രൂപീകരിച്ചത് കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങള്‍.

സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും പലപ്പോഴും മോഹിപ്പിക്കുന്നതും അതിമോഹിപ്പിക്കുന്നതുമായ നിരവധി വാഗ്ദാനങ്ങളും പ്രശ്നപരിഹാരമാര്‍ഗ്ഗങ്ങളും കേട്ട് കാതും മനസ്സും തഴമ്പിച്ചവരാണ് പ്രവാസി ഇന്ത്യക്കാര്‍. വിദേശ പര്യടത്തിനിറങ്ങുന്നവര്‍‍, രാജകീയ സ്വീകരണങ്ങള്‍ക്കിടയില്‍ കണ്ടെത്തുന്ന പ്രവാസിയുടെ അസൌകര്യങ്ങളും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും അല്ല പ്രവാസികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍. അതുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ അങ്ങിനെ തന്നെ തുടരട്ടെ... പ്രവാസി എന്നൊരു വിഭാഗം ഉള്ളിടത്തോളം കാലം.

വീണ്ടും ഒരു പ്രവാസി ഭാരതീയ ദിനാഘോഷം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അതിലിടയ്ക്ക് വീണ്ടും പ്രവാസിയെ മോഹിപ്പിക്കുന്ന പല പ്രഖ്യാപനങ്ങളും വന്ന് കൊണ്ടിരിക്കുന്നു.

അതിലിതാ പുതിയതൊരെണ്ണവും...!

വിദേശ ഇന്ത്യക്കാരുടെ മക്കളുടെ ക്ഷേമത്തിനായി ഒരു പ്രവാസി സര്‍വ്വകലാശാല സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നു.

പ്രവാസികളുടെ മക്കള്‍ക്കായി ഇങ്ങിനെ ഒരു സര്‍വ്വകലാശാല വേണ്ടതുണ്ടോ...?

അവര്‍ ഒരു പ്രത്യേക സമൂഹമായി വളരേണ്ടതുണ്ടോ...?

പ്രവാസികളുടെ മക്കള്‍ക്ക് പ്രത്യേകമായി പരിഗണന നല്‍കേണ്ടതുണ്ടോ...?

11 comments:

അഗ്രജന്‍ said...

“പ്രവാസി സര്‍വ്വകലാശാല”

ചര്‍ച്ചയ്ക്കായി ഒരു പോസ്റ്റ്...!

സുല്‍ |Sul said...

പ്രവാസി സര്‍വ്വകലാശാലയിലേക്ക് പ്രവേശനം കിട്ടുമോ?
ഇതെല്ലാം വെറും കടലാസു പുലികളല്ലേ അഗ്രു. ഇതെല്ലാം കേട്ട് വെള്ളമിറക്കുന്ന പ്രവാസിയെ വേണം രണ്ട് പൊട്ടിക്കാന്‍.
-സുല്‍

കുറുമാന്‍ said...

പ്രവാസിക്കായൊരു സര്‍വ്വകലാശാലയുടെ ആവശ്യമില്ലാന്നാണ് എന്റെ പക്ഷം.

ഒരു സര്‍വ്വകലാപശാല കിട്ടിയിരുന്നേല്‍ ബോംബിട്ട് തകര്‍ക്കാമായിരുന്നു.

ബയാന്‍ said...

ഇന്ന് പ്രവാസം ഒരു യഥര്‍ഥ്യമാണ്; പ്രവാസിയുടെ മക്കള്‍ക്കും, അവനും തന്നെ പഠനത്തിനും, ജോലിക്കിടയില്‍ ഉന്നതപഠനത്തിനും ഒരു സര്‍വ്വകലാശാല എന്നതു നല്ലൊരു ആശയമാണ്. നിലവുള്ള സര്‍വ്വകലാശാലയില്‍ വിദൂരപഠനം നടത്തുന്നത്തിനേക്കാളും കുറേകൂടി പ്രായോഗികമായേക്കും പ്രവാസികളുടേതു മാത്രമായ ഒരു സ്ഥാപനത്തിന്റെ ഭരണകാര്യങ്ങള്‍. വിദേശ കരിക്കുലം പഠിച്ചു ഒരു പ്രത്യേക സമൂഹമായി വളര്‍ന്നുപോവുന്ന പ്രവാസ ഭാരതീയനെ ഇത്തരം സംരംഭങ്ങള്‍ നാടിനോടു കൂടുതല്‍ വിളക്കിച്ചേര്‍ത്തേക്കും.

കുട്ടന്‍മേനൊന്‍ said...

സര്‍വ്വകലാശാലയുടെ ആവശ്യമൊന്നുമില്ല. ഓരോ ഗള്‍ഫ് രാജ്യങ്ങളിലും പ്രധാനപ്പെട്ട ഏതെങ്കിലും ഇന്ത്യന്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള ഒരു കോളേജെങ്കിലും മതി.

പ്രവസി ഭാരതീയ ദിനാഘോഷം ചില സ്ഥാപിത താത്പര്യങ്ങള്‍ക്ക് മറയാണെന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

പൊതുവാള് said...

ഒരു പ്രത്യേക സര്‍വകലാശാല കിട്ടിയാല്‍ പ്രവാസികളുടെ പ്രശ്നങ്ങളെല്ലാം തീരുമെന്നൊന്നും തോന്നുന്നില്ല.

അതും കൂടിയാകുമ്പോള്‍ അതവരെയും കുടുംബത്തേയും നാട്ടില്‍ നിന്നകറ്റാന്‍ മാത്രമേ ഉപകരിക്കൂ.
വല്ലപ്പോഴും നാട്ടിലെത്തുന്ന അവര്‍ക്കിന്നാവശ്യം നാട്ടില്‍ സ്ഥിരതാമസമുള്ള മറ്റു പൌരന്മാരെപ്പോലെ ഉറക്കെ സംസാരിക്കാനുള്ള ശബ്ദവും കഴിവുമാണ്. അവനങ്ങനെ സംസാരിക്കുമ്പോള്‍ അതിനു ചെവിയോര്‍ക്കുകയും ഉള്‍ക്കൊള്ളുകയും അവന്റെയും കൂടെ പെറ്റമ്മയായ നാടിനെ നല്ല നാളെയിലേക്ക് കൈപിടിച്ച് നടത്തുന്ന ഭരണാധികാരികളെയാണ്.

അങ്ങനെയൊരു സംവിധാനമുണ്ടാകണമെങ്കില്‍ ആ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതില്‍ അവര്‍ക്ക് പങ്കാളിത്തമുണ്ടാകണം.

പ്രവാസികളുടെ വോട്ടവകാശം നിഷേധിക്കുന്ന കാലത്തോളം മറ്റെന്തു നല്‍കിയാലും അതൊക്കെയും പ്രവാസിസമൂഹത്തെ പറ്റിച്ച് കാലം കഴിക്കുന്ന കപടനാടകമായി മാത്രമേ കാണാനാകൂ.

നാട്ടില്‍ പ്രാഥമിക തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുന്ന റേഷന്‍ കാര്‍ഡില്‍ ഇപ്പോള്‍ ഗൃഹനാഥനില്ല. അതിനു പകരമായി പാസ്‌പോര്‍ട്ടുമായി ചെന്നാല്‍ കാര്യം നടക്കുകയുമില്ല.

ഇനി പ്രവാസി സര്‍വകലാശാലയുടെ പേരിലും അഴിമതി നടത്താന്‍ ആരോടെങ്കിലും അച്ചാരം വാങ്ങിയിട്ടാകും,ഒരു പക്ഷേ നടപ്പിലാക്കാന്‍ വേണ്ടിത്തന്നെയാണ് അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുള്ളതെങ്കില്‍ ,അതു ചെയ്തിരിക്കുക.

::സിയ↔Ziya said...

പ്രവാസികളുടെ മക്കള്‍ക്കായി ഇങ്ങിനെ ഒരു സര്‍വ്വകലാശാല വേണ്ടതുണ്ടോ...?

വേണം. ഒന്നാക്കണ്ട, കേരളത്തില്‍ തന്നെ ഒരഞ്ചെണ്ണമായിക്കോട്ടെ.

അവര്‍ ഒരു പ്രത്യേക സമൂഹമായി വളരേണ്ടതുണ്ടോ...?

വേണം.പ്രത്യേക സമൂഹമായി വളരണം. അപ്പനുണ്ടായിട്ടും ഇല്ലാത്ത അമ്മയുണ്ടായിട്ടും ഇല്ലാത്ത മദ്യത്തിനും ചരസ്സിനും ബ്രൌണ്‍ ഷുഗറിനും പെണ്ണിനും അടിമകളാകുന്ന പ്രത്യേക സമൂഹം.

പ്രവാസികളുടെ മക്കള്‍ക്ക് പ്രത്യേകമായി പരിഗണന നല്‍കേണ്ടതുണ്ടോ...?

നല്‍‌കണം. കാപ്പിറ്റേഷന്‍ ഫീയും കോഴ്‌സ് ഫീയുമൊകെ പ്രവാസികളുടെ മക്കള്‍ക്ക് 50 ഇരട്ടി ആക്കണം.

പ്രയാസി said...

പിള്ളാരെ പിടിയന്മാര്‍..

ഞാന്‍ പ്രതിശേധിiക്കുന്നു..!

“പ്രയാസി സര്‍വ്വകലാശാല” യെന്നാ വേണ്ടത്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇനീപ്പൊ അതിന്റെ ഒരു കുറവേ ഉള്ളൂ.

അഭിലാഷങ്ങള്‍ said...

ഇപ്പൊ തല്‍ക്കാലം അവിടെ ഉള്ള സര്‍വ്വകലാശാലകള്‍ നേരാം വണ്ണം നടത്താന്‍ നോക്ക്. അല്ല പിന്നെ!

പിന്നെ, പ്രധാനമന്ത്രി അങ്ങിനെ പറഞ്ഞൂന്ന് വച്ച് അങ്ങിനെ ഒരു സാധനം ഇതാ എത്തിപ്പോയി എന്ന് വിശ്വസിക്കാന്‍ മാത്രം ബഡുക്കൂസുകളല്ല പ്രവാസികളും പ്രവാസികളല്ലാത്തവരും.

(പ്രവാസി സര്‍വ്വകലാശാല വേണ്ട എന്നും പറയുന്നില്ല, വേണം എന്നും പറയുന്നില്ല, അല്ലാതെ തന്നെ അവിടെയും ഇവിടെയും തൊടാതെ പ്രസംഗിക്കാനുള്ള കഴിവ് എനിക്ക് ബ്ലോഗിങ്ങില്‍ വന്നതിന് ശേഷം കിട്ടിയതാ. ഈ ബ്ലോഗിങ്ങിന്റെ ഒരോ ഗുണങ്ങളേ... )

:-)

അഗ്രജന്‍ said...

അഭിലാഷങ്ങള്‍ said...
...അവിടെയും ഇവിടെയും തൊടാതെ പ്രസംഗിക്കാനുള്ള കഴിവ് എനിക്ക് ബ്ലോഗിങ്ങില്‍ വന്നതിന് ശേഷം കിട്ടിയതാ...

അല്ലെങ്കി പിന്നെ അഗ്രജന്‍റെ ശിഷ്യന്‍ എന്നു പറഞ്ഞ് നടന്നിട്ടെന്തു കാര്യം :)