Wednesday, September 27, 2006

ഭാഗ്യാന്വേഷി

റേഷന്‍ കട തുറക്കാന്‍ ഇനിയും വൈകും.
അതുവരെ അപ്പുറത്ത് നടക്കുന്ന കളി കാണാം... അയാള്‍ കരുതി.

‘അകത്ത്’ ‘പുറത്ത്’ വിളികള്‍ തകൃതിയായി നടക്കുന്നു. എല്ലാവരും കളിയുടെ ആവേശത്തിലാണ്. കുറച്ച് നേരം കണ്ടു നിന്നപ്പോള്‍ അയള്‍ക്ക് രസം പിടിച്ചു. വെറുതെ ഒരു കൈ കളിച്ചു നോക്കാം. പോയാല്‍ ചെറിയൊരു സംഖ്യയല്ലേ.

റേഷന്‍ വാങ്ങിക്കാന്‍ വെച്ച കാശയാള്‍ പുറത്തെടുത്തു.
‘പുറത്ത്’ കാശ് വെച്ചയാള്‍ പറഞ്ഞു.
കളിക്കാരന്‍ ചീട്ടുകള്‍ മലര്‍ത്തി തുടങ്ങി.
അയാള്‍ വാത് വെച്ച പുള്ളിയുള്ള ചീട്ട് പുറത്തേക്ക് വെട്ടിയിട്ടു കളിക്കാരന്‍ പറഞ്ഞു... ‘പുറത്ത്’.
‘തുടക്കം മോശമില്ലല്ലോ’ അയാള്‍ സന്തോഷിച്ചു.

ലാഭം കിട്ടിയ കാശുമായി അയാള്‍ കളി തുടര്‍ന്നു. പല തവണയായി നല്ലൊരു സംഖ്യ അയാളുടെ കൈകളില്‍ നിറഞ്ഞു. വാത് സംഖ്യ ഉയര്‍ത്താന്‍ അയാള്‍ക്ക് ന്യായമുണ്ടായിരുന്നു ‘വെറുതെ കിട്ടിയതല്ലേ, പോയാല്‍ പോട്ടേ... കിട്ടിയാല്‍ വലിയൊരു സംഖ്യയും’. പക്ഷെ, ഭാഗ്യം എപ്പോഴും അയാളുടെ കൂടെ നിന്നില്ല. പലപ്പോഴായി വന്നു ചേര്‍ന്നത് അതുപോലെ തന്നെ തീര്‍ന്നു.

‘ഛെ, വേണ്ടിയിരുന്നില്ല... കിട്ടിയതെല്ലാം പോയി. ങും... ഒന്നുകൂടെ നോക്കാം’
റേഷന്‍ വാങ്ങാനിരുന്ന പൈസയിലേക്ക് ഒരിക്കല്‍ കൂടെ അയാളുടെ കൈകള്‍ നീണ്ടു... പിന്നെ പലപ്പോഴും അതാവര്‍ത്തിച്ചു.

‘റേഷന്‍ വാങ്ങിക്കേണ്ട പൈസയാണ്, എങ്ങിനെയെങ്കിലും അത് തിരിച്ച് പിടിച്ചേ പറ്റൂ’ അയാള്‍ക്ക് വേവലാതിയായി. അവസാനത്തെ ചില്ലിയും തീര്‍ന്ന അയാള്‍ക്ക് മുന്നിലൊരു വഴി തെളിഞ്ഞു. റേഷന്‍ കാര്‍ഡിന്‍റെ ജാമ്യത്തില്‍ കിട്ടിയ കാശുമായി അയാള്‍ കളി തുടര്‍ന്നു - തനിക്ക് നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍.

‘എന്താ, നിറുത്തിയോ’ കളിയില്‍ ഹരം പിടിച്ചിരിക്കുന്നവരുടെ ചോദ്യം.
ഇനിയുമൊന്നും പണയം വെക്കാനില്ലാത്ത അയാള്‍ കാലി സഞ്ചിയുമായി വീട്ടിലേക്ക് നടന്നു.

26 comments:

അഗ്രജന്‍ said...

ചുറ്റുവട്ടത്ത് നിന്നും കിട്ടിയ ഒരെണ്ണം കൂടെ... ഇവിടെ കുറിക്കുന്നു.

സു | Su said...

ജീവിതം കൊണ്ട് കളിക്കുന്ന കളികള്‍.

നന്നായിരിക്കുന്നു. :)

ശാലിനി said...

കൂടുതല്‍ നേടാനുള്ള ആര്‍ത്തികൊണ്ടാണ് പലര്‍ക്കും സകലതും നഷ്ടപ്പെടുന്നത് അല്ലേ.

നന്നായി എഴുതിയിരിക്കുന്നു.

ലാപുട said...

നന്നായിരിക്കുന്നു അഗ്രജാ....
നാട്ടില്‍ ഉത്സവത്തിനിടയില്‍ ഇതു പോലെ ഹരം കയറി ചൂതുകളിച്ച് പശുവിനെ വാങ്ങാന്‍ വെച്ച കാശ് കളഞ്ഞ ഒരു പുള്ളിയെ ഞാന്‍ കണ്ടിട്ടുണ്ട്...ഒരു വ്യത്യാസം മാത്രം-മുടിഞ്ഞ് പാപ്പരായിട്ടും അവിടെ തന്നെ ചുറ്റിപ്പറ്റി നിന്ന് ഇനി വരുന്നവരൊട് ദാ അവിടെ വെച്ചാല്‍ അച്ചട്ടായും കിട്ടുമെന്നൊക്കെ അയാള്‍ കോച്ചു ചെയ്യുന്നുമുണ്ടായിരുന്നു....

അലിഫ് /alif said...

അയാള്‍ സഞ്ചി കൂടി പണയം വെച്ച് തിരികെവന്നു കളിക്കുന്ന തരമാ. നന്നായിരിക്കുന്നു

വേണു venu said...

കഷ്ടമെന്‍റഗ്രജാ,
ഉടുതുണിയ്മില്ലാതെ വീട്ടില്‍ ചെല്ലുന്ന പാവത്തിനെ ഓര്‍ത്തു് എന്തോ ഒരു വിഷമവും ഉണ്ടേ.

അനംഗാരി said...

ചീട്ട് കളി എനിക്കൊരു ഹരമായിരുന്നു. എത്രപണം പോയെന്നും, കിട്ടിയെന്നും മാത്രം എന്നോട് ചോ‍ദിക്കരുത്. ഒരു കളിക്ക് ആയിരം രൂപയായിരുന്നു. പത്തു പേരുള്ള ഒരു കളി. കണക്ക് കൂട്ട്.ജയവും തോല്‍‌വിയുമൊക്കെ ഈ കളിയുടെ ഭാഗം.ഊണും ഉറക്കവുമില്ലാതെ, എത്ര നാള്‍...

Adithyan said...

ഇത് കഥയല്ല :) സത്യമാണ്.
ഗോവയില്‍ രണ്ട് മിനിട്ടു കൊണ്ട് 2000 പോയിട്ടുണ്ട് ഞങ്ങള്‍ മൂന്നുപേര്‍ക്ക്
:)(

ബിന്ദു said...

എന്തു കൊണ്ടൊ ഒരു സങ്കീര്‍ത്തനം പോലെ ഓര്‍മ്മ വന്നു. ചീട്ടുകളി അറിയാവുന്നവര്‍ക്ക് അതൊരു ഹരമാണല്ലേ? എഴുത്ത് നന്നായി.:)

ഇത്തിരിവെട്ടം|Ithiri said...

ചീട്ടുകളി ഒരു ലഹരിയാണെന്ന് കേട്ടിട്ടുണ്ട്. പലരേയും കാണുമ്പോള്‍ അങ്ങനെ തോന്നിയിട്ടുണ്ട്.

അഗ്രജാ അസ്സലായിരിക്കുന്നു.

കുട്ടന്മേനൊന്‍::KM said...

പണ്ട് മുംബെയില്‍ വെച്ച് ഒരു തവണ ഞങ്ങളുടെ കുറെ കാശ് ഇതുപോലെ പോയിട്ടുണ്ട്. നന്നായി.

ഇടിവാള്‍ said...

നമ്മുടെ പണ്ടത്തെ ചേട്ടന്മാരും ഇതുപോലായിരുന്നല്ലോ ? തേരും കുതിരയും, പാസ്‌പോര്‍‌ട്ടും, പത്താക്കയും, ഡ്രൈവിങ്ങ് ലൈസന്‍സും, ഒക്കെ ക്കഴിഞ്ഞ് ദ്രൌപതിയെപ്പോലും വച്ച് ഒരു കൈ നോക്കിയില്ലേ ?

എന്നിട്ടയാളു വീട്ടീച്ചെന്നപ്പോ, അവിടൊരു മഹാഭാരതയുദ്ധം ഉണ്ടായിക്കാനും അല്ലോ ? ;)

ദില്‍ബാസുരന്‍ said...

അഗ്രജേട്ടാ,
അസ്സലായിരിക്കുന്നു. ഗള്‍ഫില്‍ വന്ന് ചീട്ട് കളിച്ച് ലക്ഷങ്ങളുടെ കടമുണ്ടാക്കിയവരെ പറ്റി ഞങ്ങളുടെ നാട്ടില്‍ പാണാന്മാര്‍ പാടി നടക്കുന്നുണ്ട്.

(ഓടോ:ആരാ രണ്ട് റൌണ്ട് റമ്മി കളിക്കാനുള്ളത്?) :-)

അഗ്രജന്‍ said...

സൂ> നന്ദി:)

ശാലിനി> ആര്‍ത്തി, അതും അനര്‍ഹമായതിനോട്, അതെപ്പോഴും നാശത്തിലേക്കേ നയിക്കൂ.

ലാപുട> ആ കോച്ചിംഗ് കലക്കി :) ഞാനും കണ്ടിട്ടുണ്ട് അങ്ങനത്തെ പലരേയും.

ചെണ്ടക്കാരന്‍> നന്ദി :)

വേണു> നന്ദി :)

അനംഗാരി> താങ്കളുടെ ഒര്‍മ്മകളെ ഞാന്‍ തൊട്ടുണര്‍ത്തിയോ :)

ആദീ> മിടുക്കന്മാര്‍ :)

ബിന്ദു> ഹരം - പിന്നെ ആര്‍ത്തി, അതാണ് ചൂതാട്ടത്തിന്‍റെ രഹസ്യം :)

ഇത്തിരിവെട്ടം> ചീട്ടുകളി, എല്ലാ കളികളും പോലെ തന്നെയെന്ന് തോന്നുന്നു. പക്ഷേ, അത് ചൂതാട്ടമാവുമ്പോഴാണെന്ന് തോന്നുന്നു അപകടകരമാവുന്നത്.

ഞാന്‍ ചീട്ടു കളിച്ചിട്ടുണ്ട്... പക്ഷേ, കാശ് വെച്ചൊരിക്കലും കളിച്ചിട്ടില്ല.
കാശ് വെച്ച് കളിച്ചിട്ടുണ്ട്... പക്ഷെ, അത് ചീട്ടല്ല - എട്ടുംതായമെന്ന് പറയും [മുന്ന് കവടി ഉള്ളങ്കയ്യില്‍ കമഴ്ത്തിവെച്ച് ഒരു കവടി വിരലിന്‍റെ അഗ്രത്തില്‍ വെച്ച് മോളിലേക്കിടുന്ന കളി].

ആദ്യം കളിച്ച് കിട്ടിയ 8 രൂപ കൊണ്ട് ഓടിപ്പോയി ചെസ്സിന്‍റെ കരുക്കള്‍ വാങ്ങി... പിന്നേയും കളിച്ചപ്പോള്‍ 8 രൂപ കൂടെ കിട്ടി... അതോണ്ട് ചെസ്സ് ബോര്‍ഡും വാങ്ങിച്ചു.

പിന്നീടൊരിക്കല്‍ ഗള്‍ഫില്‍ നിന്നും വന്ന അയല്‍വാസിയോട് കളിച്ച് 250 രുപ ലാഭം കിട്ടി... അതങ്ങോര്‍ക്ക് തന്നെ തിരിച്ച് കൊടുത്തിട്ട് വാങ്ങിയില്ല... അവസാനം ആ കാശ് കൊണ്ട് അങ്ങോരുടെ അനിയന് ഞാന്‍ പസ്സ്പോര്‍ട്ടെടുത്തു കൊടുത്തു :)

കുട്ടമ്മേനോനെ> :)

ഇടിവാളേ> അക്ഷയപാത്രമില്ലാത്ത വീടായതോണ്ട് അടുത്ത വീട്ടിന്ന് കടം വാങ്ങി കഞ്ഞിവെച്ചു :)

ദില്‍ബു> “...ഗള്‍ഫില്‍ വന്ന് ചീട്ട് കളിച്ച് ലക്ഷങ്ങളുടെ കടമുണ്ടാക്കിയവരെ...”

ഗള്‍ഫില്‍ വന്ന് ചീട്ട് കളിച്ച് ലക്ഷങ്ങളുടെ ‘കട’യുണ്ടാക്കിയവരുമുണ്ട് :)

ആഹാ... മോന്തമ്മേ ചായം തേച്ചല്ലോ... വേഷം നന്നായിട്ടുണ്ട്... ഇതേതാ... പച്ചയോ അതോ കത്തിയോ :)

വായിച്ചവര്‍ക്കും കമന്‍റിയവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട് !

ചീട്ട് കളിച്ച് കുത്തുപാ‍ളയെടുത്ത ഒരാള്‍ ഇപ്പഴ് ഉം അല്‍ കുവൈനിലുണ്ട്. അയാള്‍ റമ്മി കളിക്കുന്ന ശൈലി കണ്ട് ഞാന്‍ അന്തം വിട്ടിട്ടുണ്ട്! രണ്ടും കല്‍പ്പിച്ചുള്ള കളി!

സ്വാര്‍ത്ഥന്‍ said...

അകത്തും പുറത്തും കളിച്ച് ഒടുവില്‍ ജീവിതത്തില്‍ നിന്നുതന്നെ പുറത്തുപോകേണ്ടിവരുന്നു ഇവര്‍ക്ക്...

saptavarnangal said...
This comment has been removed by a blog administrator.
saptavarnangal said...

അഗ്രജാ,
കൊള്ളാം ഈ ചെറുകഥ.!

കാശു വെച്ചുള്ള ചീട്ട് കളി ഒരു ലഹരി തന്നെയാണ്! പന്നി മലര്‍ത്ത്,റമ്മി,കീച്ച്,ബാങ്ക് അങ്ങനെ പല തരം കളികള്‍! ഡിക്കിയിലും ബാക്ക് സീറ്റിലും കാശിന്റെ ചാക്കു കെട്ടുമായി കാറില്‍ തിരിച്ചു പോകുന്നവനും , കാറില്‍ വന്നു തിരിച്ച് നടന്നു പോകുന്നവനും ചീട്ട് കളി ക്ലബ്ബില്‍ കാണാം! കാശു പോയവന്‍ തിരിച്ചു പിടിക്കാ‍ന്‍ പിന്നെയും വരും, കാശു കിട്ടിയവന്‍ കൂടുതല്‍ വാരാനുള്ള മോഹവുമായി വരും!കാശ് എപ്പോഴും മറിഞ്ഞു കൊണ്ടിരിക്കും! കളിക്കാരെ സ്പോണ്‍സര്‍ ചെയ്യാനും കടം കൊടുക്കാനും ആള്‍ക്കാര്‍ പരിസരത്തു തന്നെ ഉണ്ടാകും!

ഏറനാടന്‍ said...

അയ്യോ പാവം ലവന്റെയൊക്കെ ചീട്ടുകളിയോണ്ട്‌ കുട്യോളും പെണ്ണും പട്ടിണിയായല്ലോ ദൈവമേ! റേഷന്‍കടേല്‌ കടം കിട്ടുമോ. ന്നാലും മണ്ണെണ്ണ തരുമായിരിക്കും, തീ കൊളുത്തി ചാവാന്‍!!

അളിയന്‍സ് said...

ഇതേ മാതിരി ഒരു സുഹ്രുത്ത് എനിക്കുമുണ്ടായിരിന്നു.ഈ കിലുക്കിക്കുത്ത് എന്നു പറഞ്ഞാല്‍ അവന് പ്രാന്താണ്.
നന്നായിട്ടുണ്ട്ട്ടോ മാഷെ..... ത്രിശൂര്‍ എവിടെയാ സ്ഥലം...?

shefi said...

രഹസ്യമാണേ ...........
ആരോടും പറയരുത്‌,
നാടവലിയില്‍ പണ്ട്‌ എന്റെ കാശും കുറച്ചൊരുത്തന്‍ അടിച്ചെടുത്തിട്ടുണ്ട്‌.(സത്യമായിട്ടും ഞാന്‍ ജയിച്ചതാ. പക്ഷേ അവന്‍ കള്ളകളി കളിച്ച്‌ പറ്റിച്ചു കളഞ്ഞു)

പാര്‍വതി said...

കടുംചായങ്ങളില്ലാത്ത, യാതാര്‍ഥ്യത്തിന്റെ പരുക്കന്‍ മുഖം..നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു.

എല്ലാവരുടേയും സമ്പന്നമായ അനുഭവങ്ങളും വായിച്ചു.

:-)

-പാര്‍വതി

അഗ്രജന്‍ said...

കലേഷ്> “...ചീട്ട് കളിച്ച് കുത്തുപാ‍ളയെടുത്ത ഒരാള്‍ ഇപ്പഴ് ഉം അല്‍ കുവൈനിലുണ്ട്...”
ഞാന്‍ തെറ്റിദ്ധരിച്ചൂ... തെറ്റിദ്ധരിച്ചൂ :)

സ്വാര്‍ത്ഥന്‍> ശരിയാണ് സുഹൃത്തേ.

>>> ഇതാരാ... കമന്‍റ് ഡിലീറ്റിയേ :)<<<

സപ്തവര്‍ണ്ണങ്ങള്‍> ങും... ങും... :)

ഏറനാടന്‍> :)

അളിയന്‍സ്> ഗുരുവായൂരിനടുത്താ :)

ഷെഫി> സാരല്ല... പോട്ടേ... ഇനീവക കളിക്കൊന്നും പോവരുത് കേട്ടാ :)

പാര്‍വ്വതി> :) നന്ദി

വായിച്ചവര്‍ക്കും കമന്‍റിയവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

വിശാല മനസ്കന്‍ said...

ഹഹ.
ഇതിനെയാണ് മാഷേ..

‘അരിയും പോയി മണ്ണെണ്ണയും പോയി’ എന്ന് പറയുക.(പോയി എന്ന വാക്ക് ഒരു നിലക്കും ഈ പ്രയോഗത്തില്‍ ചേരുന്നില്ലല്ലേ?)

പോയത് പോയി, ബാക്കിയുള്ളതും കളയേണ്ട എന്ന തിരിച്ചറിവ് വരാത്തിടത്തൊളം കാലം ചുള്ളന്റെ കാര്യം പോക്കാ!

നന്നായിട്ടെഴുതിയിട്ടണ്ടഗ്രൂ.

അഗ്രജന്‍ said...

വിശാലാ... നന്ദി.
ഞങ്ങളുടെ അവിടെ ഇതിനെ ‘പുള്ളിവെട്ട്’ എന്ന് പറയും. നിങ്ങള്‍ പറയുന്ന ‘പന്നിമലര്‍ത്തല്‍‘ തന്നെയല്ലേ... ഇത്.

ആത്മകഥ said...

പ്രിയ ചങ്ങാതിമാരെ ഞാന്‍ വീണ്ടും എത്തിയിരിക്കുന്നു.. പുതിയ അദ്ധ്യായവുമായി.. വരിക വായിക്കുക കമന്റുക