Sunday, June 24, 2007

താജ് മഹല്‍

പ്രശസ്ത ഉറുദു കവിയും ഹിന്ദി സിനിമാ ഗാന രചയിതാവുമായിരുന്ന സാഹിര്‍ ലുധിയാന്‍വി (1921 - 1980) ‘താജ് മഹല്‍‘ എന്ന ഉറുദു കവിതയില്‍ ഇങ്ങിനെ എഴുതി:

“അസംഖ്യം പേര്‍ ഇവിടെ പ്രേമിച്ചിട്ടുണ്ട്
അവരുടെ പ്രണയവും ഉല്‍‍ക്കടമായിരുന്നു
അത് വിളംബരം ചെയ്യാന്‍ കഴിയാതെ പോയത്
അവര്‍ നിര്‍ദ്ധനരായത് കൊണ്ട് മാത്രം.

ഈ മണിമാളികകള്‍, ഈ ശവകുടീരങ്ങള്‍, ഈ കോട്ടകള്‍
രാജാക്കന്മാരുടെ പ്രൌഡിയുടെ സ്തംഭങ്ങള്‍
അവയിലുണ്ട് നമ്മുടെ പൂര്‍വ്വീകരുടെ
അദ്ധ്വാനത്തിന്‍റെ ചോരയും നീരും.

ചാതുരിയോടെ, ഈ സുന്ദര രൂപങ്ങള്‍
മെനെഞ്ഞെടുത്ത ശില്പികള്‍, അവരും പ്രേമിച്ചിരിക്കും
പക്ഷെ, സ്വന്തം പ്രണയത്തിന്
സ്മാരകം പണിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ലല്ലോ!

യമുനയുടെ തീരത്തെ ഈ ഉദ്യാനം, ഈ മിനാരങ്ങള്‍
ചിത്രാങ്കിതമായ ചുമരുകള്‍, ഈ താജ് മഹല്‍
ഒരു ചക്രവര്‍ത്തി തന്‍റെ പണക്കൊഴുപ്പ് കാട്ടി
ഞങ്ങള്‍ ദരിദ്രരുടെ പ്രണയത്തെ പരിഹസിച്ചിരിക്കുന്നു!“

കടപ്പാട്:
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതോ ഒരു പ്രസിദ്ധീകരണത്തില്‍ ഇതെഴുതി വെച്ച ജെ. എസ്. എന്ന ലേഖകനോട്.

18 comments:

അഗ്രജന്‍ said...

താജ് മഹലിനെ പറ്റി വേറിട്ടൊരു ശബ്ദം!

താജ് മഹല്‍, തന്‍റെ പ്രിയപത്നി മുംതാസിന്‍റെ ഓര്‍മ്മയ്ക്കായി ഷാജഹാന്‍ ചക്രവര്‍ത്തി പണി കഴിപ്പിച്ച അതുല്യമായ പ്രണയ സ്മാരകം. വെണ്ണക്കല്ല് കൊണ്ട് നിര്‍മ്മിച്ച ആ മനോജ്ഞ സൌധത്തെ കാലത്തിന്‍റെ കവിള്‍ തടത്തിലേക്ക് അടര്‍ന്ന് വീണ കണ്ണുനീര്‍ തുള്ളി എന്നാണ് ഒരു കവി വിശേഷിപ്പിച്ചത്.

എന്നാല്‍ പ്രശസ്ത ഉറുദു കവിയും ഹിന്ദി സിനിമാ ഗാന രചയിതാവുമായിരുന്ന സാഹിര്‍ ലുധിയാന്‍വി (1921 - 1980) ‘താജ് മഹല്‍‘ എന്ന ഉറുദു കവിതയില്‍ ഇങ്ങിനെ എഴുതി:

കാട്ടാളന്‍ said...

അഗ്രജാ, ചിന്തികാന്‍ വകയുണ്ട് ആവരികളിലും

പൊതുവാള് said...

അഗ്രജാ,
താജ്‌മഹല്‍ കണ്ട് അത്ഭുതപരതന്ത്രരാകുന്നവര്‍ ഇതും കൂടി വായിക്കേണ്ടതാണ്......

വിചാരം said...

പ്രേമം അനശ്വരമായി നില്‍ക്കും.. അതൊരു താജ് മഹളില്‍ ഒതുങ്ങുന്നില്ല.
ചരിത്രത്തിന്റെ നോക്കു കുത്തികളാണ്, സ്മാരകം. അതൊരിക്കലും പ്രേമത്തിന്റെ മുഖമുദ്രകളല്ല.
ലൈലയും, മജ്നുവും. ദരിദ്രത്തിന്റേയും,പണകൊഴുപ്പിന്റേയും ചിഹ്നങ്ങളല്ലേ? അവരെന്താണ് പണിഞ്ഞത്?.

കരീം മാഷ്‌ said...

അധ്യാപകന്‍:- "താജ്‌മഹല്‍ പണിതത്‌ ആരാണ്?"
വിദ്യാര്‍ഥി:- "ഷാജഹാന്‍".
മറ്റൊരു വിദ്യാര്‍ഥി :- "അല്ല. അധ്വാനിക്കുന്ന ജനങ്ങള്‍ (അടിമകള്‍)"
അധ്യാപകന്‍:- "രണ്ടാമത്തെ വിദ്യാര്‍ഥി നിഷേധി. നി ഇന്നു കലാസ്സിലിരിക്കേണ്ടതില്ല!"

സുനീഷ് തോമസ് / SUNISH THOMAS said...

നന്നായിട്ടുണ്ട്. താജ്മഹല്‍ മോശമാണെന്നല്ല, ആയിരം താജ്മഹലുകള്‍ ഇവിടെ ഉയരാതെ പോയതു പ്രണയികള്‍ ഷാജഹാനൊപ്പം ധനികര്‍ അല്ലാത്തതു കൊണ്ടായിരുന്നു എന്നല്ലേ വിവക്ഷ? അതുകൊണ്ടു തന്നെ താജ്മഹലിന് ഒരു വോട്ടു ചെയ്യാം അല്ലേ?

ഇനിയും ഇത്തരം വിവര്‍ത്തനങ്ങള്‍ വേണം. പ്രണയം തന്നെയായിക്കോട്ടെ വിഷയം. വായിക്കാന്‍ രസമുണ്ടാകും. (എനിക്കല്ല!!)

Visala Manaskan said...

സംഗതി ശരി.

പക്ഷെ കാശും സൌകര്യവും ഉണ്ടായിരുന്നെങ്കില്‍ ‘ചര്‍ ക്ക പര്‍ ക്കെ‘ താജ്മഹലോള് ഉണ്ടായേനെ എന്നിനിക്ക് തോന്നുന്നില്ല.

അതുണ്ടാക്കുവാനുള്ള സെന്‍സുണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണം, സെന്‍സിറ്റിവിറ്റി ഉണ്ടാവണം! (വര്‍ഷാവര്‍ഷം ബ്ലോഗര്‍ അടവച്ച് വിരിയിക്കുന്ന... വേണോ?? വേണ്ട ല്ലേ?. നിര്‍ത്തി)

ഞാന്‍ എന്റെ മുന്‍പ്രണയിനികളുടെ ഓര്‍മ്മക്കായി (കോണ്‍ഫിഡന്‍ഷ്യല്‍) എന്റെ വീട്ടില്‍ ഓരോ ചെടികള്‍ ഇത്തവണ മണ്ണുത്തിയില്‍ നിന്ന് കൊണ്ടുവന്ന് നട്ടു. അതുകൊണ്ടൊരു ഗുണമുണ്ടായി, എന്റെ പൂന്തോട്ടത്തില്‍ ഇപ്പോള്‍ പത്തമ്പത് ചെടിയുണ്ട്!

ദില്‍ബാസുരന്‍ said...

Nannaayittund.

കുട്ടമ്മേനൊന്‍::KM said...

താജ്മഹല്‍ എന്നും അനശ്വരമായി തന്നെ നില്‍ക്കും. വിവര്‍ത്തനം നന്നായിട്ടുണ്ട്.

വല്യമ്മായി said...

:)

തറവാടി said...

:)

kichu said...

അഗ്രജന്‍...

ഇങ്ങനെ വേറിട്ട ശബ്ധങ്ങള്‍ ഒരു നിമിത്തമാകട്ടെ.

പലര്‍ക്കും പണിയെടുക്കുന്നവനെപ്പറ്റി ഓര്‍ക്കാന്‍...അവരെപ്പറ്റി ഒരു വരിയെങ്കിലും എഴുതാന്‍..

നന്നായി.... ചിന്തിക്കാന്‍ ഒരു തുണ്ട് എറിഞ്ഞിട്ടത്....

ചിന്തകള്‍ വളരട്ടെ!!

kaithamullu : കൈതമുള്ള് said...

വല്യമ്മായീന്റെ ‘ഇസ്മയ്‌ലി’ക്ക് താഴെ തറവാടീന്റെ ‘ഇസ്മായ്‌ലി’.

- എന്നാ കെടക്കട്ടെ, എന്റെ വക രണ്ടെണ്ണം അഗ്രൂ!
:-)
(-:

Abhilash.P.K said...

നിര്‍ദ്ധനരായതുകൊണ്ട് മാത്രം പ്രണയം വിളമ്പരം ചെയ്യാന്‍‌ കഴിയാതെ പോയ നൂറുകണക്കിനാളുകളുടെ സ്‌മരണക്കു മുന്നില്‍‌ ഞാന്‍‌ പ്രണയത്തിന്റെ സുഗന്ധം പൊഴിക്കുന്ന ഒരായിരം പുഷ്‌പങ്ങള്‍‌ സമര്‍പ്പിക്കുന്നു..............
(അതില്‍‌ വിശാലമനസ്‌കന്റെ പൂന്തോട്ടത്തിലെ 50 ചെടികളില്‍‌ നിന്നും പറിച്ചെടുത്ത പുഷ്‌പങ്ങളും ഉള്‍‌പ്പെടും...)

സു | Su said...

:)

വക്കാരിമഷ്‌ടാ said...

ഒരു സൊസൈറ്റിയില്‍ ഇതെല്ലാം നടക്കുമെന്ന് തോന്നുന്നു.

കാശുള്ളവന്‍ വലിയ കൊട്ടാരം പണിയും. അത് പണിയാന്‍ അയാളുടെയത്രയും കാശില്ലാത്തവര്‍ പണിക്കാരായി കാണും. കാരണം അവര്‍ക്ക് ആ കൊട്ടാരം പണിയാന്‍ മാത്രം കാശുണ്ടായിരുന്നെങ്കില്‍ അയാളുടെ കൊട്ടാരം പണിയാന്‍ അവര്‍ വരില്ലായിരുന്നല്ലോ.

എന്നാലും കാശുള്ള എല്ലാവരും കൊട്ടാരം പണിയണമെന്നില്ല. അതുപോലെതന്നെ കാശുള്ള എല്ലാവരും കാശില്ലാത്തവര്‍ക്ക് കൊട്ടാരം പണിത് കൊടുക്കണമെന്നുമില്ല. കൊട്ടാരം പണിയാത്തവരോ കൊട്ടാരം പണിതുകൊടുത്തവരോ, എന്തിന് കൊട്ടാരം പണിതവരോ (പണിതു എന്നതുകൊണ്ട് മാത്രം)മോശക്കാരുമാകുന്നില്ല. പണിതതിന് സഭ്യവും നിയമാനുസൃതവുമായ കൂലിയും ശരിയായ പരിചരണവും കിട്ടിയെങ്കില്‍ പണിതവര്‍ക്കും പിന്നെ പരാതിയുണ്ടാവേണ്ട കാര്യമില്ല (അതൊക്കെ അങ്ങിനെതന്നെയായിരുന്നോ എന്നത് വേറേ കാര്യം).

അപ്പോള്‍ പിന്നെ എന്താ പ്രശ്‌നം? കണ്‍‌ഫ്യൂഷനായി.
:)

പടിപ്പുര said...

ദരിദ്രന്റെ പ്രണയം!
(പാവപ്പെട്ടവന്റെ മമ്മൂട്ടി, പാവപ്പെട്ടവന്റെ അമിതാബ് ബച്ചന്‍ എന്നൊക്കെ പറയുമ്പോലെ...)

താജ് മഹല്‍ കാണുമ്പോള്‍ ഷാജഹാന്റെ പ്രണയത്തെക്കുറിച്ചല്ല, ആ കെട്ടിടത്തിന്റെ നിര്‍മ്മാണ ചാതുര്യത്തെക്കുറിച്ചാണ് ഞാനെപ്പോഴും അല്‍ഭുതപ്പെടാറ്.

(നല്ല കവിത തന്നെ, അഗ്രൂ)

Satheesh :: സതീഷ് said...

പണ്ട് പരിഷത്തിന്റെ തെരുവ് നാടകമുണ്ടായിരുന്നു.
“സപ്താത്ഭുതങ്ങളിലത്യുംഗം താജ്മഹല്‍ തീര്‍ത്തതാര്‍?”
“ഷാജഹാന്‍”
“അല്ല.... വെണ്ണക്കല്‍ പാളികളില്‍ വിരല്‍ ചതഞ്ഞ് ചോര ചിന്തി വീണവറ് അടിമകള്‍. അവര്‍ പണിതത് താജ്‌മഹല്‍!”
കേട്ടിട്ടില്ലേ..
കവിത മോശമില്ല. പക്ഷെ തീമിനോട് വല്യ യോജിപ്പൊന്നും ഇല്ല. ഇക്കണക്കിന്‍ പ്രേമലേഖനം എഴുതുന്നവര്‍, എഴുത്തും വായനയും അറിയാത്തവന്റെ പ്രേമത്തെ പരിഹസിക്കലല്ലേ ന്നൊക്കെ ചോദിക്കേണ്ടിവരും!