Thursday, December 27, 2007

മരണത്തിന്‍റെ പിറന്നാളാഘോഷം

നിന്‍റെ പിറവി -
ദുഃഖസാന്ദ്രമായിരുന്നല്ലോ
അറിയാതെ വന്നു പിറന്നു...
അരുതാത്തതെല്ലാം ചെയ്തു

നിന്‍റെ പിറവിയാല്‍
അനാഥരായവര്‍,
പ്രാണന്‍ വെടിഞ്ഞവരെയോര്‍ത്ത്
ഇന്നും തീ തിന്നുന്നവര്‍!

നിന്നെ ചൊല്ലി ചിരിച്ചവരെത്രെ
അവര്‍ ചിരിച്ച് കൊണ്ടേയിരിക്കുന്നു
നിന്‍റെ പിറവിയും
രാഷ്ട്രീയക്കാരന് ചാകര മാത്രം

നിന്നെ ചൊല്ലി കരഞ്ഞവരെത്ര
അവര്‍‍ കരഞ്ഞ് കൊണ്ടേയിരിക്കുന്നു
വാഗ്ദാനങ്ങള്‍ക്കാകുമോ
കണ്ണുനീരൊപ്പുവാന്‍!

പോയ വര്‍ഷങ്ങള്‍
നിന്‍റെ ഇരകള്‍ ഓര്‍ത്തിരിക്കുന്നു...
അവരെയോര്‍ക്കാത്തവര്‍-
പക്ഷെ, ഇന്നു നിന്നെയോര്‍ക്കുന്നു...

സെമിനാറുകള്‍, പ്രഖ്യാപനങ്ങള്‍,
പത്രവാര്‍ത്തകള്‍
എല്ലാം നിന്നെ ചൊല്ലിയുള്ള
വിലാപങ്ങള്‍ മാത്രം...

എങ്കിലും അതും-
ഞങ്ങള്‍ക്കാഘോഷം തന്നെ...
സുനാമീ, നിനക്കിന്ന്
മൂന്ന് വയസ്സ് തികഞ്ഞല്ലോ!

സമര്‍പ്പണം: സുനാമിയുടെ ജീവിക്കുന്ന ഇരകള്‍ക്ക്

18 comments:

സുല്‍ |Sul said...
This comment has been removed by the author.
സുല്‍ |Sul said...

സുനാമിയെ ഓര്‍ത്തത്‌ നന്നായി.
എല്ലാം ചടങ്ങുകളല്ലെ അഗ്രജാ
ഈ ഓട്ടപ്പാച്ചിലില്‍,
എല്ലാം ഓര്‍മ്മകളിലൊതുക്കാന്‍ വെമ്പുന്നു നാം.
അല്ലെങ്കില്‍ ആഘോഷങ്ങളാക്കാന്‍...
അവരിലൊരുവനാകാന്‍ നിനക്കുമായി.
കളിയറിയുന്നവര്‍ കളിക്കുന്നു
അല്ലാത്തവര്‍ ആട്ടം കാണുന്നു.
കേഴുക മമ നാടേ...

കവിത നന്നായിട്ടുണ്ട്‌.

-സുല്‍

ശ്രീ said...

സുനാമിയെ ഓര്‍‌മ്മിച്ചതു നന്നായി, അഗ്രജേട്ടാ.

പുതുവര്‍‌ഷാശംസകള്‍‌!
:)

അഭിലാഷങ്ങള്‍ said...

ഓ സുനാമിയായിരുന്നോ...!?

കവിത നന്നായി.

ആത്മഗതം:

ആദ്യ നാലുവരി:

നിന്റെ പിറവി -
ദുഃഖസാന്ദ്രമായിരുന്നല്ലോ
അറിയാതെ വന്നു പിറന്നു...
അരുതാത്തതെല്ലാം ചെയ്തു


വായിച്ചപ്പോള്‍ ഞാന്‍ കരുതി അഗ്രജനെ പറ്റി ഓര്‍ത്ത് വീട്ടുകാര്‍, പ്രത്യേകിച്ച് മാതാപിതാക്കള്‍ പണ്ട് പരിതപിച്ചതിന്റെ കാവ്യരൂപം ആയിരിക്കും എന്ന്. ങാ..പോട്ടെ.

ചന്ദ്രകാന്തം said...

മൂന്നു കൊല്ലം മുന്‍പ്‌ 'രംഗബോധമില്ലാത്ത കോമാളിയുടെ' ഭീകരമുഖം.
ഇന്ന്‌ മുതലെടുപ്പുകാരുടെ ക്രൂരമുഖം.
എല്ലാ പരീക്ഷണങ്ങളും, ഇനിയും മരിച്ചിട്ടില്ലാത്ത രക്തസാക്ഷികളില്‍...!!!

Appu Adyakshari said...

അതെയതേ..

Mubarak Merchant said...

ഇക്കഴിഞ്ഞ അവധിക്കാലം അഗ്രജനില്‍ സുനാമി ഓര്‍മ്മകളുണര്‍ത്തിയത് വിസ്മയാവഹം തന്നെ..
പണ്ട് എറണാകുളത്ത് ട്രാവത്സില്‍ ജോലി ചെയ്യുമ്പൊ എടവനക്കാട്ട് ഒരു ചുറ്റിക്കളി ഉണ്ടായിരുന്നെന്ന് കേട്ടത് സത്യം തന്നെയോ? അവിടെയാണല്ലോ സുനാമിയില്‍ അഞ്ചുപേര്‍ മരിച്ചത്!! അല്ലാണ്ട് പാലക്കാട്ട് എന്ത് സുനാമി!!

ചീര I Cheera said...

പ്രക്ര്‌തിയുടെ മുന്നിലെ നമ്മുടെയൊക്കെ നിസ്സഹായത.. അഹങ്കാരങ്ങളെ കുറയ്ക്കാന്‍, യാഥാര്‍ത്ഥ്യങ്ങളെ ഓര്‍മ്മിപ്പിയ്ക്കാന്‍, പ്രക്ര്‌തി തന്നെ കണ്ട വഴിയായിരുന്നിരിയ്ക്കുമത്..
പക്ഷെ എല്ലാം, നികത്താനാവാത്തതൊക്കെയും നഷ്ടപ്പെട്ടവര്‍ക്ക്, അങ്ങനെ കരുതാനാവുമോ?
വഴിയില്ല..

ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി..

അച്ചു said...

ഓര്‍മപുതുക്കല്‍....ഇത്തരം ഓര്‍മകളെ ..ഓര്‍ക്കാതിരിക്കുന്നതാണ് നല്ലത്..

പ്രയാസി said...

സുനാമിയുടെ ഓര്‍മ്മകളില്‍ ഒരു കവിത..
നന്നയി അഗ്രൂ..
തിരക്കു കൂടുമ്പോള്‍ ഇങ്ങനെയുള്ള കവിതകള്‍ ഉണ്ടാവ്vന്നത് സ്വാഭാവികം..

ഈ ദുരന്തത്തിന്റെ ഓര്‍മ്മ നന്നായി..ആഡംബരങ്ങളും അഹങ്കാരങ്ങളും കുറക്കാന്‍ ഇതു പോലുള്ള ദുരന്തങ്ങളും ഓര്‍മ്മ പുതുക്കലുകളും സഹായിക്കും..

ഞാനെപ്പോഴും ഉപയോഗിക്കാറുള്ള വാക്കാ..ഒരു സുനാമിക്കില്ല..എന്നു..

ആ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട നിസ്സഹായര്‍ക്കായി പ്രാര്‍ത്ഥിക്കാം..

അലി said...

സുനാമിയെ ഓര്‍ത്തത്‌ നന്നായി.
പുതുവര്‍‌ഷാശംസകള്‍‌!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.

ഓര്‍മ്മപ്പെടുത്തല്‍ നന്നായി.

കുറുമാന്‍ said...

സുനാമി വന്ന് നാശം വിതച്ച് പോയത്തിന്റെ മൂന്നാം ആണ്ടറുതിക്ക് ഈ പോസ്ട്ടിട്ടത് നന്നായി അഗ്രജാ.

എന്റെ കൂട്ടുകാരന്റെ പെങ്ങള്‍ക്ക് 3 വയസ്സുള്ള കുട്ടിയെ നഷ്ടപെട്ടിരുന്നു.

എന്റെ ശ്രീലങ്കന്‍ സഹപ്രവര്‍ത്തകന്റെ വല്ല്യച്ചനും, ആറംഗ കുടൂംബവും തിരമാലയില്‍ കുത്തിയൊലിച്ച് കടലോട് ചേര്‍ന്നു.

മരിച്ചവര്‍ക്ക് ആദരാഞ്ഞ്ജലികള്‍
അവരുടെ ബന്ധുക്കള്‍ക്ക് ദൈവം തുണയും, കരുത്തും നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

sandoz said...

സുനാമീടെ പേരില്‍ സര്‍ക്കാരും പല സംഘടനകളും കാശ് പിരിച്ചല്ലോ...അതൊക്കെ എത്തേണ്ട സ്ഥാനത്ത് എത്തിക്കാണുമെന്ന് വിശ്വസിക്കാം അല്ലേ...[പിരിച്ചവരുടെ പോക്കറ്റില്‍]
അടിക്കും ഞാന്‍ ഓഫ്:സുനാമി കൊണ്ട് തീര്‍ന്നൂന്നാ കരുതീത്..എവിടെ..എല്ലാ വാര്‍ഷികത്തിലും സുനാമിയല്ലേ....
അഗ്രജോ..പൂയ്...
സമ്മതിക്കൂല്ലാ അല്ലേ..
ജീവിക്കാനേയ്...
[കവിത കൊള്ളാട്ടോ..]

Murali K Menon said...

നന്നായിട്ടുണ്ട്

ഏ.ആര്‍. നജീം said...

നിന്നെ ചൊല്ലി ചിരിച്ചവരെത്രെ
അവര്‍ ചിരിച്ച് കൊണ്ടേയിരിക്കുന്നു
നിന്നെ ചൊല്ലി കരഞ്ഞവരെത്ര
അവര്‍‍ കരഞ്ഞ് കൊണ്ടേയിരിക്കുന്നു

എത്ര സത്യം..!!
നന്നായിട്ടോ..

മഞ്ജു കല്യാണി said...

പുതുവത്സരാശംസകള്‍‌!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിട്ടുണ്ട്,പുതുവത്സരാശംസകള്‍‌!