Thursday, July 23, 2009

നോഹയേയും കാത്ത്...

പണ്ട് മദ്രസ്സയില്‍ നൂഹ് നബിയേയും (പ്രവാചകന്‍ നോഹ) പ്രളയകാലത്തേയും പറ്റി പറയുമ്പോള്‍ ഉസ്താദ് (മദ്രസ്സ അദ്ധ്യാപകന്‍) പറഞ്ഞ ഒരു തമാശ ഇന്നോര്‍മ്മ വന്നു...

പ്രളയകാലം, ശെയ്ത്താനു മാത്രം നൂഹ് നബി തന്റെ കപ്പലില്‍ കയറാന്‍ അനുവാദം കൊടുത്തിരുന്നില്ല. പല നിലയ്ക്കും താണു കേണപേക്ഷിച്ചിട്ടും ശെയ്ത്താനെ ഒരു കാരണവശാലും കയറ്റില്ലെന്നു തന്നെ അദ്ദേഹം തീരുമാനിച്ചു. അവസാന നിമിഷം വരേയ്ക്കും ട്രൈ മാടിയെങ്കിലും ശെയ്ത്താന് നിരാശ തന്നെയായിരുന്നു ഫലം.

ശെയ്ത്താനാളാരാ മോന്‍... മൂപ്പര് കപ്പലിലേക്കുള്ള അവസാന ഊഴക്കരനായ കഴുതയുടെ വാലില്‍ കയറിപ്പിടിച്ചു. കഴുതയ്ക്കുണ്ടോ പിന്നെ മുന്നോട്ട് നീങ്ങാന്‍ കഴിയുന്നു.

നോഹ പലവിധത്തിലും കഴുതയെ കപ്പലിലേക്ക് കയറ്റാന്‍ വേണ്ടി ശ്രമിക്കുന്നു... കഴുത്തില്‍ കയറിട്ട് വലിക്കുന്നു... തീറ്റ കാണിച്ച് കൊതിപ്പിക്കുന്നു... ഒരു രക്ഷയുമില്ല... കഴുതയ്ക്കെന്തു പറ്റി...! എല്ലാവരും അത്ഭുതപ്പെട്ടു... ശെയ്ത്താന്‍ വാലില്‍ തൂങ്ങിയത് ആര്‍ക്കും കാണാനാവില്ലല്ലോ... പാവം കഴുത എന്തുചെയ്യും... ശെയ്ത്താനല്ലേ വാലില്‍ തൂങ്ങിയിരിക്കുന്നത്...

നോഹയ്ക്ക് ദേഷ്യം വന്നു തുടങ്ങി...
പ്രളയജലം ഉയര്‍ന്ന് കൊണ്ടിരിക്കുന്നു...
കപ്പല്‍ നീങ്ങേണ്ട സമയമായിരിക്കുന്നു...
കഴുതയാണെങ്കില്‍ കയറുന്നുമില്ല...
അവസാനം ദേഷ്യം കൊണ്ട് വിറച്ച നോഹ കഴുതയെ നോക്കി ആക്രോശിച്ചു...

“ഇങ്ങട്ട് കേറ് ശെയ്ത്താനേ്‌്‌്‌്!!!“

പിന്നെ ഒട്ടും അമാന്തമുണ്ടായില്ല... ഇന്‍ഡയറക്ടായി പെര്‍മിഷന്‍ കിട്ടിയ ശെയ്ത്താന്‍ കപ്പലില്‍ ചാടിക്കയറി...

* * * * * * *

തത്ക്കാലം യു.ഡി.എഫിലെങ്കിലും കയറിപ്പറ്റാം എന്നുറപ്പിച്ച് ഡല്‍ഹിക്ക് വണ്ടി കയറിയ മുരളിയെ ശരത് പവാറും കൈ വിട്ടെന്ന വാര്‍ത്ത വയിച്ചപ്പോള്‍ ഈ കഥ ഓര്‍മ്മ വന്നത് ഒരു തപ്പാണോ... കോണ്‍ഗ്രസ്സെന്ന കപ്പലിലേക്ക് കയറിപ്പറ്റാന്‍ ഒരു നോഹ അവതരിക്കും എ‍ന്ന് തന്നെ മുരളി വിശ്വസിച്ചോട്ടെ...!

16 comments:

മുസ്തഫ|musthapha said...

നോഹയേയും കാത്ത്...

പണ്ട് മദ്രസ്സയിൽ നൂഹ് നബിയേയും (പ്രവാചകൻ നോഹ) പ്രളയകാലത്തേയും പറ്റി പറയുമ്പോൾഉസ്താദ് (മദ്രസ്സ അദ്ധ്യാപകൻ) പറഞ്ഞ ഒരു തമാശ ഇന്നോർമ്മ വന്നു...

[ nardnahc hsemus ] said...

lath kalakki!

sHihab mOgraL said...

ഹഹഹ...
ചിരിപ്പിച്ച് കളഞ്ഞല്ലോ..
അല്ല, നമ്മുടെ രാഷ്ട്രീയ രം‌ഗം എന്നും ചിരിക്ക് വക നല്‍കിയിട്ടുണ്ട്.. :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കാലത്തിന്
ശെയ്ത്താനെ ആവിശ്യമാണന്നുള്ള ഒരു സൂചന ആ കഥ തരുന്നുണ്ടല്ലോ അഗ്രജാ.. അതുപോലെ യു.ഡി.എഫി നും !!!??

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ന്റെ ശെയ്ത്താനേ..
:)

ആര്‍ബി said...

ഇതു കലക്കി..

ഇനിയുമങ്ങനെ എഴുത് ശൈതാനേ,,,,,
:)

Unknown said...

ഇതെന്താപ്പാ ഇത്?? ഇത് വായിച്ചിട്ട് ശരിക്കും മനസ്സിലാകുന്നുണ്ടല്ലോ??? അതെന്താ അങ്ങിനെ?:)

നന്നായി മോനെ...നന്നായി..ഞാന്‍ പറഞ്ഞു തന്നത് ഇത്ര നന്നായി എഴുതി വെക്കും എന്ന് കരുതിയില്ല!!!

Kaithamullu said...

പ്രളയകാലത്തെ പെട്ടകമാണ് മുരളിക്ക് യൂഡിയെഫ്; നമുക്കോ?
ബാബേലിന്റെ ഗോപുരം?

കുഞ്ഞന്‍ said...

അഗ്രു മച്ചാ..

അപ്പോ സസൂഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണല്ലെ.. എന്തായാലും ഇക്കഥ വളരെ രസകരമായതും എന്നാല്‍ ആ പരിഹാസം ശരിക്ക് കുറിക്കുകൊള്ളുന്നതുമാണ്. കിങ്ങിണിക്കുട്ടന്‍ കീ ജയ്...
എവിടെയും കഴുത വിഡ്ഡിയാക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. കഴുത പൊറുക്കട്ടെ..

ഇന്ത്യാവിഷനിലെ നിഖേഷ് കിങ്ങിണിക്കുട്ടനെ കുടയുന്നതുകണ്ടപ്പോള്‍, സത്യമായിട്ടും എനിക്ക് സഹതാപം തോന്നിപ്പോയി പാവം കി കുട്ടന്‍..!

ശ്രീ said...

ഇത് ആദ്യമായാണ് ക്കേള്‍ക്കുന്നത്. :)

Faizal Kondotty said...

:)

കരീം മാഷ്‌ said...

ഒരു തുരുപ്പുശീട്ടെങ്കിലും കരുതാത്തവനു രാഷ്ട്രീയക്കാര്‍ഡുകളിയില്‍ വെറും ഏഴാം കൂലിയായി മാറാനാനു വിധി.

പ്രിയ said...

ഹഹഹ

(അല്ല അഗ്രജന്മാഷെ, ആ ശെയ്ത്താനു പിടിക്കാന്‍ പറ്റിയ കഴുത എവിടേ???? ;)

Ajith Pantheeradi said...

എല്‍ ഡി എഫില്‍ കയറാന്‍ വേണ്ടി ശൈത്താന്‍ പിടിച്ച കഴുതയാണ് NCP . പക്ഷെ ശൈത്താന്‍ കയറിയതുമില്ല, കഴുതയും പുറത്തായി!

Sathees Makkoth | Asha Revamma said...

കലക്കൻ അലക്കാണല്ലോ മാഷേ.

ബഷീർ said...

അപ്പോൾ മുരളി ശൈതാനോ !

വേറേ ഏതോ ഒരു ശൈതാന്റെ ഏനക്കേട് തീർക്കാൻ വീടിന്റെ ഉമ്മറം പൊളിച്ചടുക്കുന്ന തിരിക്കിലാണിപ്പോൾ മുരളി..

എന്നു കേറാൻ പറ്റും കോൺഗ്രസ് കപ്പലിൽ !!