Tuesday, February 24, 2009

നിങ്ങള്‍ അത്ര മോശമാണോ!

നാലര വയസ്സുള്ള എന്റെ മോള്‍ പാച്ചു കൂട്ടുകാരിയുമായി പിണങ്ങി... ആ പിണക്കത്തെ പറ്റി കൂട്ടുകാരിയുടെ അമ്മയോട് പാച്ചു പറഞ്ഞത്രേ... 'അതേയ്... നിങ്ങളുടെ മോള്‍ എന്നോട് കട്ട്യാണ്' എന്ന്. അതു കേട്ട കൂട്ടുകാരിയുടെ അമ്മ പാച്ചുവിനോട് പറഞ്ഞു... 'ഞാന്‍ പാച്ചൂന്റെ ഉമ്മാടെ പ്രായമില്ലേ... എന്നെ നിങ്ങള്‍ എന്നൊക്കെ പറയാന്‍ പാടുണ്ടോ' എന്ന്. അവര്‍ക്ക് അത് കേട്ട് ഇച്ചിരി വിഷമമായെന്നും ഭാര്യ പറഞ്ഞു.

പാലക്കാട്ടുകാരനായ തറവാടിയുടെ ഒരു പോസ്റ്റില്‍ തറവാടിയുടെ തന്നെ ഒരു
കമന്റില്‍ കണ്ടിരുന്നു ['നിങ്ങള്‍' ബഹുമാനമുള്ള വാക്കുതന്നെയാണ് പക്ഷെ ഉപ്പാനെ വിളിക്കാന്‍ നാവ് പൊന്തില്ലാന്ന് മാത്രം :) അതേ സമയം വയസ്സില്‍ മൂത്തവരെ നിങ്ങള്‍
എന്നുതന്നെയാണ് വിളിക്കേണ്ടത്...] ഇതാണെനിക്കപ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തിയത്.

പാച്ചുവിന്റെ പ്രയോഗം മൂലം തെക്കന്‍ ജില്ലക്കാരായാ ആ കുട്ടിയുടെ അമ്മയ്ക്ക് വിഷമം തോന്നാന്‍ ഇതായിരിക്കും കാരണമെന്നെനിക്ക് തോന്നി. അതിനാല്‍ തന്നെ ഭാര്യയോട് അത് വിശദീകരിച്ചു കൊടുക്കാനും പറഞ്ഞിരുന്നു. തൃശ്ശൂര്‍ - പന്തലൂര്‍ക്കാരനായ എന്റെ സുഹൃത്തിനോടും ചോദിച്ചു 'നിങ്ങള്‍' എന്ന പ്രയോഗത്തിനവര്‍ കൊടുക്കുന്ന അര്‍ത്ഥത്തെ പറ്റി... സുഹൃത്ത് പറഞ്ഞത് 'നീ' എന്ന പ്രയോഗത്തിലും അല്ലെങ്കില്‍ അത്രത്തോളം തന്നെ നല്ലതല്ലാത്ത പ്രയോഗമാണ് നിങ്ങളെന്നതാണ്.

മലബാറിന്റെ തെക്കേയറ്റത്തുകാരായ (ഗുരുവായൂര്‍) ഞങ്ങള്‍ 'നിങ്ങള്‍' എന്ന പദം ബഹുമാനസൂചകമായിട്ടാണ് പ്രയോഗിച്ച് പോരുന്നത്... അതിനെ കൊളോക്ക്യലായി 'ഇങ്ങള്‍' '...ങ്ങള്‍' എന്നൊക്കെ പ്രയോഗിക്കും. ഉപ്പയേയും ഉമ്മയേയും '...ങ്ങള്‍' എന്നഭിസംബോധന ചെയ്യുന്നത് തികഞ്ഞ ബഹുമാനത്തോടേയും ആദരവോടും കൂടെ തന്നെയാണ്. താങ്കള്‍ എന്ന ബഹുമാനപദത്തില്‍ ഔപചാരികത മുഴച്ചു നില്‍ക്കുന്നുവെങ്കില്‍, ആ ഔപചാരികത പോലും കലരാത്ത പ്രയോഗമാണ് ഞങ്ങള്‍ക്ക് 'നിങ്ങള്‍' എന്നത്.

ഇനി നിങ്ങള്‍ പറ... നിങ്ങളുടെ നാട്ടില്‍ 'നിങ്ങള്‍' അത്ര മോശമാണോ!

32 comments:

മുസ്തഫ|musthapha said...

നിങ്ങള്‍ പറ... നിങ്ങളുടെ നാട്ടില്‍ 'നിങ്ങള്‍' അത്ര മോശമാണോ!

ശ്രീ said...

ഞങ്ങളുടെ നാട്ടില്‍ അടുപ്പമുള്ളവരെ പൊതുവേ ‘നിങ്ങള്‍’ എന്നുപയോഗിയ്ക്കാറില്ല. അത് കേള്‍ക്കുമ്പോള്‍ ഒരു അകല്‍ച്ച ഫീല്‍ ചെയ്യുന്നതായിട്ടാണ് എനിയ്ക്കും തോന്നാറുള്ളത്.

പക്ഷേ, പല നാടുകളില്‍ നിന്നുമുള്ള സുഹൃത്തുക്കളെ പരിചയപ്പെട്ട ശേഷം മനസ്സിലായി, ചിലയിടങ്ങളില്‍ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ‘നിങ്ങള്‍’ എന്ന വാക്കുപയോഗിയ്ക്കുന്നതെന്ന്.

sHihab mOgraL said...

ഞങ്ങളുടെ നാട്ടില്‍ (ഉത്തരകേരളം) നിങ്ങള്‍ക്കു വലിയ ബഹുമാനമാണ്‌. പിന്നെ ഒരു പ്രത്യേകതയുള്ളത് ഉമ്മയെ ബഹുമാനത്തോടെ ചിലരൊക്കെ "നീ" എന്നു വിളിക്കും എന്നുള്ളതാണ്‌; ഞാനും.... :)

പ്രിയ said...

യെസ്, മോശമാണ് :)

ഒരു കൂട്ടത്തിനെ അല്ലാതെ ഒരു വ്യക്തിയെ 'നിങ്ങള്‍' എന്ന് പറയുന്നത് എന്റെ നാട്ടില്‍ (കോതമംഗലം, എറണാകുളം) അത്ര സന്തോഷമുള്ള കാര്യമല്ല.

ഇങ്ങനെ ചാടികയറി പറയാന്‍ എനിക്കും ആ കൂട്ടുകാരിടമ്മക്ക് തോന്നിയ വിഷമം ഒരിക്കല്‍ അനുഭവപെട്ടു.ഒരു ബന്ധത്തിലെ സഹോദരിയുടെ കല്യാണത്തിന് കോഴിക്കോട് ചെന്നപ്പോ മ്മടെ പാച്ചുന്റെ പ്രായമുള്ള ഒരു പയ്യന്‍ കുട്ടി എന്നോട് ചോദിച്ചു 'നിങ്ങടെ പേരെന്താ? ' എനിക്ക് ദേഷ്യം വന്നു. അവന്‍ പിന്നേം ചോദിച്ചു 'നിങ്ങടെ പേരെന്താ? '. ഞാന്‍ പേരു പറഞ്ഞു. പിന്നെ എന്റെ ആ കസിന്‍ പറഞ്ഞു തന്നു (ഓഫ്കോഴ്സ്, ഞാന്‍ ആ ചേച്ചിയോടത് പറഞ്ഞു) അവിടങ്ങളില്‍ 'നിങ്ങള്‍' എന്ന് വിളിക്കുന്നത് ബഹുമാനത്തോടെ തന്നെ ആണെന്ന്. എങ്കിലും ഇപ്പോഴും നിങ്ങള്‍ എന്ന് കേട്ടാല്‍ ഇച്ചിരി കിരുകിരിപ്പ്‌ തോന്നും :D

അത് പോലെ തന്നെ സമപ്രായത്തില് ഉള്ള ആളെ ഞാന്‍ 'ഇയാള്‍' എന്ന് പറയുമ്പോ ചിലര്ക്ക് വളരെ അകല്‍ച്ച പോലെ തോന്നാറുണ്ടത്രേ. നീ എന്ന് വിളിച്ചാ ഒരു പ്രശ്നോം ഇല്ല.

പ്രിയ said...

പക്ഷെ വായിച്ചപ്പോ ആ 'ഇങ്ങള്‍' / 'ങ്ങള് ' കൂടുതലും 'താങ്കള്‍' എന്നതിന് ചുരുക്കം പോലെ ഫീല്‍ ചെയ്യുണ്ടട്ടോ. സൊ വേണച്ചാല് 'നിങ്ങള്‍' ന്ന് കട്ടിക്ക് പറയാതെ 'ഇങ്ങള്' ആയി പറഞ്ഞാ മതി.

അഗ്രജന്‍ said...

'ഇങ്ങള്‍' / 'ങ്ങള് ' ഇത് നിങ്ങൾ എന്നതിന്റെ വാമൊഴി പ്രയോഗമാണ്...

teepee | ടീപീ said...

“നിങ്ങള്‍” ക്ക് ഇങ്ങനെയൊരു
സുഖകരമല്ലാത്ത വിശേഷണമുണ്ടെന്ന്
ആദ്യായിട്ടാ കേള്‍ക്കുന്നത്. എന്തായാലും മലബാര്‍ മേഖലയിലെല്ലാം “നിങ്ങള്‍” എന്നുള്ളത്
ബഹുമാനപൂര്‍വം ഉപയോഗീക്കുന്ന വാക്കുതന്നെയാണ്. കഥകളിലും നോവലുകളിലും സിനിമകളിലൂമെല്ലാം നാം കേള്‍ക്കുന്ന “നിങ്ങള്‍”ക്ക് മോശം/ബഹുമാനക്കുറവ് ഉള്ളതായി ഫീല്‍ ചെയ്തിട്ടില്ല.

ഓ.ടോ)ഇന്ത്യയുടെ തെക്കേ അറ്റത്ത് പടവലങ്ങാ പോലെ കിടക്കുന്ന ഇത്തിരിപ്പോന്ന ഒരു സംസ്ഥാനത്ത്
ഒരേ വാക്കിന് പലയിടങ്ങളില്‍ വിപരീതാര്‍ത്ഥം എന്നത് ...

നജൂസ്‌ said...

നിങള്‍,താങ്കള്‍.. ഇത്‌ രണ്ടും ശരിയല്ല.
ഇങള്ള്‌ തന്നെയാണ് നല്ലത്‌. ഉമ്മാനെ അങനെവിളിക്കുന്നത്‌ കൊണ്ടാ‍ണെന്ന്‌ തോന്നുന്നു അതിനോടാണിഷ്ടം. എന്റെ ഉമ്മ സംസാരിക്കുന്നതാണെന്റെ ഭാഷ...

അല്‍ഭുത കുട്ടി said...

ഞങ്ങളെ നാട്ടില്‍ .
ജ്ജി = നീ
ങ്ങള് = താങ്കള്‍
ജ്ജി എന്ന് മുതിര്‍ന്നവരെ വിളിച്ചാല്‍ തല്ല് കൊള്ളും. അത് കൊണ്ട് ‘ങ്ങള് ‘ എന്നാണ് വിളിക്കുന്നത്. താങ്കള്‍ എന്ന് ഭയങ്കര ശുദ്ധ മലയാളമാണ്.
കുന്ദം കുളം ഭാഗത്ത് ‘ താന്‍’ എന്നുള്‍ലത് ഭയങ്കര ബഹ്ഹുമാന വിളിയാണെന്ന് പറയുന്നു. എന്റെ നാട്ടില്‍ “ താന്‍ എന്തൊരു മനുഷ്യനാടോ” എന്ന അര്‍ഥത്തിലാണ് ഉപയോഗിക്കുന്നത്.

പടച്ചോനെ ആകെ കണ്‍ഫൂഷനായി...

Ziya said...

ഞാന്‍ കോഴിക്കോട്ട് പഠിക്കുന്ന കാലത്ത് വീട്ടില്‍ വന്നപ്പോള്‍...
ഉമ്മയുടെ ഉമ്മയോട്: “നിങ്ങളത് കണ്ടോ” എന്നോ മറ്റോ ചോദിച്ചു.

അന്ന് വീട് കിടുങ്ങി. ആരെയാടാ നീ നിങ്ങള്‍ എന്നു വിളിച്ചത്? കാലേ വീഴെടാ, മാപ്പ് ചോദീരെടാ...
ഹോ!

പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ പെട്ട പാട്
(ഒന്ന് പോടഗ്രജാ ഇങ്ങഡെ പാട്ടിന്) :)

:: VM :: said...

Appane kERi ÖusEppETTA"ennu viLikkAthirunnAl mathi ;)

കാസിം തങ്ങള്‍ said...

ഞങ്ങളുടെ പ്രദേശത്തൊക്കെ (തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, തൃപ്രയാര്‍ ഏരിയ) അങ്ങേയറ്റം ആദരവ് നിറഞ്ഞ വിളിയാണ് ‘നിങ്ങള്‍‘ എന്നത്. വയസ്സില്‍ മൂത്തവരെയും ആദരിക്കപ്പെടേണ്ടവരെയും അഭിസം‌ബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന പദമാണ് ‘നിങ്ങള്‍’ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

നീര്‍വിളാകന്‍ said...

ഞങ്ങള്‍ മദ്ധ്യതിരുവിതാകൂറുകാര്‍ നിങ്ങള്‍ എന്നു പൊതുവെ സംബോധന ചെയ്യാറില്ല.... താങ്കള്‍ എന്നു അടുപ്പമുള്ളവരെ വിളിക്കാറുമില്ല.... ഞങ്ങള്‍ പൊതുവെ ബഹുമനിക്കേണ്ടവരെ അത്തരം സംബോധനകള്‍ ഒന്നും നടത്താതെ തന്നെയാണ് സംസാരിക്കുന്നത്....

അമ്മയെ അമ്മ എന്നു മാത്രം... അമ്മാവനെ അങ്ങനെ.... അതിനിടയില്‍ വടക്കുദേശക്കാര്‍ ‘നിങ്ങള്‍‘ എന്നു പ്രയോഗിക്കാറുണ്ടെങ്കിലും ഞങ്ങള്‍ അവിടെയെല്ലാം അമ്മയെന്നോ, അമ്മാവനെന്നോ വീണ്ടും, വീണ്ടും പ്രയോഗിക്കും...

ദേവന്‍ said...

അഗ്രജോ
കൊല്ലത്തുള്ളവരെ വിളിക്കുമ്പോള്‍ ഈ പ്രോട്ടോക്കോള്‍ ഉപയോഗിച്ചോ
ബഹുമാനം സ്കെയിലില്‍ പൂജ്യം മുതല്‍ മേലോട്ട് (സ്കെയിലില്‍ മൈനസ് വന്നാല്‍ അശ്ലീലമാണ്‌
0എടാ/എടീ (പ്രായത്തില്‍ വളരെ താഴെയുള്ളവരോറ്റ്- മക്കള്‍, കൊച്ചുമക്കള്‍)
1 നീ (പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുള്ള കൂട്ടുകാരോട്..)
2 നിങ്ങള്‍ (വലിയ ബഹുമാനമൊന്നുമില്ലാതെ എന്നാല്‍ അപമാനിക്കാതെ- ഉദാ. വീട്ടില്‍ വലിഞ്ഞു കയറി വന്ന പിരിവുകാരനോട്)
3 ഇയാള്‍ (സാദാ ലെവല്‍ ബഹുമാനം
4 താന്‍ (പീയര്‍ ലെവലില്‍)
5 താങ്കള്‍ (ഫോര്‍മലി ബഹുമാനിച്ച്
6 അങ്ങ് (വളരെ ഉയര്‍ന്ന ബഹുമാനം)


ബഹുവ‍ചനത്തിലോ ബഹുവ്രീഹി സമാസത്തിലോ ആണെങ്കില്‍ നിങ്ങള്‍ പെര്‍ഫക്റ്റ്ലി ഓക്കെ. "നിങ്ങളുടെ വീട്, നിങ്ങളുടെ കാറ്, നിങ്ങടമ്മാവന്‍, നിങ്ങടെ പശുക്കുട്ടി" ഒരു ബഹുമാനക്കുറവുമില്ല.

Kaithamullu said...

കല്യാണം കഴിഞ്ഞ കാ‍ലത്തെപ്പോഴോ, അരണാട്ടുകര (ത്രൃശ്ശൂര്‍‌)ക്കാരിയായ ഭാര്യ എന്തോ കാര്യത്തിന് നടവരമ്പ് (ഇരിഞ്ഞാലക്കുട)
കാരനായ എന്നെ 'നിങ്ങള്‍' എന്ന് വിളിച്ചു. അന്ന് ഞാനുണ്ടാക്കിയ പുകില്‍!

-എന്താണാവോ കാരണം?

(അതിന് ശേഷം അവള്‍ക്ക് ഞാന്‍ “ചേട്ടനാണ്”, നിങ്ങളോ ങ്ങ്‌ളോ അല്ല)

വീട്ടിലാരെയും- വലിയവരേയോ ചെറിയവരേയോ -
നിങ്ങള്‍ എന്ന് വിളിച്ച് കേട്ടിട്ടില്ല!

Unknown said...

മലബാറിൽ ബഹുമാനാർഥത്തിൽ ഉപയോഗിക്കുന്നത് "നിങ്ങൾ" തന്നെയാണ്.

താങ്ങൾ എന്ന് വിളിച്ചാൽ എനിക്കനുഭപ്പെടുക ഒരു തരം ആളെ "ആക്കൽ" ആയിട്ടാണ്.

മലപ്പുറം - കോഴിക്കോട് ഭാഗത്ത് അയാൾ എന്നതിന് "മൂപ്പർ" എന്നും തികഞ്ഞ ബഹുമാനത്തോടെ തന്നെ വിളിക്കുന്നു.

Unknown said...

താങ്ങളുടെ പേരെന്താ, താങ്ങളുടെ വീടെവിടയാ
അങ്ങയുടെ പേരെന്താ, അങ്ങയുടെ വീടെവിടയാ
അങ്ങ്, അങ്ങുന്ന് ....

ഈ ഭാഷ ഉപയോഗിച്ച് ആളെ അഭിസം‍ബോധന ചെയ്താൽ കേട്ടവൻ ഉള്ളിൽ ചിരിക്കും. ഇത്രയും ബഹുമാനം കൊടുക്കാൻ, കിട്ടാനോയുളള അർഹത അയാളുടെ ചെവിക്കുണ്ടാവില്ല.

ഇതൊക്കൊ പഴയ റോയൽ വേർഡ്സ് ആണ്, അവിടേയേ ഇത് വിളിക്കാൻ പറ്റൂ. സാധാ റോട്ടിലോന്നും നടക്കില്ല. പരീഹാസ്യനാകും.

തറവാടി said...

നിങ്ങള്‍ എന്ന വാക്കിനൊഴികെ ബാക്കിയുള്ളതിനോട് ദേവേട്ടനോട് യോജിക്കുന്നു.

നിങ്ങള്‍ എന്നത് ബഹുമാന പുരസരം വിളിക്കുന്നതുതന്നെയാണ്.
ഞാന്‍ എന്‍‌റ്റെ ഇക്കാനോട് ,
' നിങ്ങക്കെന്നെ ഒന്ന് വിളിക്കാന്‍ പാടില്ലേ? ' എന്നുതന്നെയാണ് ചോദിക്കുക.
' നിങ്ങളെന്താ ഉമ്മാ അതങ്ങിനെ പറഞ്ഞേ എന്നും ' ചോദിക്കും
അതേ സമയം ഉപ്പാനോട് ചോദിക്കാന്‍ നാവ് പൊങ്ങില്ല ;).

സത്യത്തില്‍ ഇതൊരു പ്രശ്നം തന്നെയാണ്, എന്‍‌റ്റെ വീട്ടിലുള്ളവര്‍ മിക്കവരേയും നിങ്ങള്‍ എന്നുതന്നെയാണ് വിളിക്കുക. ഒരിക്കല്‍ വീട്ടില്‍ വന്ന ആരെയോ , ' നീ എന്താ കേറി ഇരിക്കാത്തെ ? ' എന്ന് ചോദിച്ചതിന് ഉപ്പ ദേഷ്യപ്പെടുകയുണ്ടായി , നീ എന്നാരേയും വിളിച്ചുപോകരുതെന്ന് താക്കീതും തന്നു. ഞാന്‍ നീ എന്ന് വിളിക്കുന്നവര്‍ മക്കള്‍ ഒഴികെ മൂന്നാളെയുള്ളു , കെട്ടിയോള്‍ , രണ്ടടുത്ത സുഹൃത്ത്‌ക്കളേയും മാത്രം.

:: VM :: said...

അക്രുവും ഞാന്നും ഒരേ താലൂക്കുകാരായതിനാല്‍ നീങ്ങള്‍ എന്നു വിളിക്ക്കുന്നത് ബാഹുമാന്നപുരസ്സരമാണെന്നുനിങ്ങളോട് നാം (സ്വയം മൊരു ബഹുമാനമൊക്കെ വേണ്ടേ) അറിയിച്ചുകൊള്ളുന്നു

പക്ഷേ, നിങ്ങള്‍ക്കെന്താ വട്ടാണോ, എന്നു ചോദിക്കുന്നതില്‍ അടങ്ങീയിരിക്കുന്ന ബഹുമാനം എത്രകാണും സര്‍?

Unknown said...

നിങ്ങൾ എന്ന് വിളിക്കുന്നത് ബഹുമാനമർഹിക്കുന്നത് തന്നെയാണ്.

ഞാൻ അച്ചനെ വിളിക്കുന്നത് .... "ങ്ങള് " വരുന്നുണ്ടോ ,
"ങ്ങളെ" ഞാൻ കുറെ വിളിച്ചാല്ലോ എന്നോക്കൊയാണ്.
ഉപ്പ, അച്ചൻ എന്ന് കൂട്ടി വിളിക്കാറില്ല.

nandakumar said...

അഞ്ചു കൊല്ലത്തോളം പാലക്കാട് ജീവിച്ച (ജോലിചെയ്ത്)എനിക്ക് ‘നിങ്ങള്‍’ പലപ്പോഴും പ്രശ്നം ഉണ്ടാക്കാറുണ്ട്.
എന്റെ നാട്ടില്‍ (തൃശ്ശൂര്‍) നിങ്ങള്‍ പൊതുവേ കാര്യമായി ഉപയോഗിക്കാറില്ലെങ്കിലും അത്രക്കും മോശം പദമായിരുന്നില്ല എന്നാല്‍ സര്‍വ്വ സാധാരണവും അല്ലായിരുന്നു. പാലക്കാട് ചെന്നപ്പോള്‍ എല്ലാവരും ‘നിങ്ങള്‍’ എന്നു വിളിക്കുന്നതു കേട്ടിട്ട് അത്ഭുതപ്പെട്ടിട്ടൂണ്ട്. പ്രത്യേകിച്ച് കൂട്ടുകാരൊക്കെ അച്ഛനേയും അമ്മയേയും വിളിക്കുന്നത് കേട്ടിട്ട്. പിന്നെ മനസ്സിലായി തികച്ചും ബഹുമാനത്തോടെ തന്നെയാണ് അവര്‍ ‘നിങ്ങള്‍’ എന്നു ഉപയോഗിക്കുന്നത് എന്ന്. പിന്നെപിന്നെ എന്റെ സംസാരത്തിലും നിങ്ങള്‍ കയറിവന്നു. ഒരുപാടു വര്‍ഷങ്ങളായി നാടിനു പുറത്ത് പലയിടത്തുമായി ജോലിചെയ്യുന്ന എനിക്ക് പലരോടും നിങ്ങള്‍ എന്നു പറയുമ്പോള്‍ പരാതികള്‍ കേള്‍ക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരില്‍ നിന്ന്. പക്ഷെ താങ്കള്‍ എന്നു വിളീക്കുന്നതിലെ ഫോര്‍മാലിറ്റി എനികു തീരെ ഇഷ്ടവുമല്ല. നല്ല പരിചയമുള്ളവരെ ഇപ്പോഴും നിങ്ങള്‍ എന്നേ വിളിക്കു ഇപ്പോള്‍. കാരണം തെക്കും വടക്കും കിഴക്കുമൊക്കെ നോക്കി ആളുകളെ അഭിസംബോധന ചെയ്യാന്‍ പറ്റില്ല എന്നതുകൊണ്ട്. കേള്‍ക്കുന്ന ആള്‍ തെക്കനോ വടക്കനോ എന്നു നോക്കി വിളിക്കാന്‍ നില്‍ക്കുന്നതിനേക്കാളും നല്ലത് കേള്‍ക്കുന്ന ആള്‍ക്ക് വിളിക്കുന്ന ആളുടെ പ്രാദേശിക മൊഴി/സംബോധന ആയിരിക്കും അതെന്ന് മനസ്സിലാക്കുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു. എന്റെ നാട്ടില്‍ ‘എടോ’ എന്നത് തികച്ചും ബഹുമാനത്തോടെ വിളിക്കുന്ന വിളിയാണ്. (പക്ഷെ അതിന് താഴ്ന്ന സ്ഥാ‍യിയിലുള്ള, അല്ലെങ്കില്‍ ഒരു സോഫ്റ്റ് ഫീല്‍ ചെയ്യുന്ന ഒരു ടോണ്‍ ഉണ്ടാവും) പെണ്ണിന് പരിചയമുള്ള ഏതൊരാണിനേയും വിളിക്കാന്‍ ‘എടോ” എളുപ്പമാണ്.

പലദേശത്തും പല രീതിയിലാണ് പക്ഷെ, എന്റെ നാട്ടിലുള്ളതാണ് ശരി, എല്ലാവരും എന്നെ അതുപോലെയേ വിളിക്കാവു എന്ന് ശഠിക്കുന്നത് ശരിയല്ല. അതാണ് ഏറ്റവും വലിയ ബഹുമാനക്കുറവ്. ഉള്ളില്‍ അസൂയയും പകയും വെച്ച് മറ്റൊരാളെ ‘താങ്കള്‍’ എന്നു വിളിക്കുന്നതിനേക്കാള്‍ വലിയൊരു അശ്ലീലം വേറൊന്നില്ല..

സാജന്‍| SAJAN said...

ഒരു കൊല്ലം നിവാസി എന്ന നിലയില്‍ ദേവേട്ടന്‍ എഴുതിയതേ എനിക്കും പറയാനുള്ളു
നതിങ്ങ് മോര്‍ നതിങ്ങ് ലെസ്!

ദിവാസ്വപ്നം said...

:-)

'നിങ്ങള്‍', 'ഇയാള്‍' - ഇതു രണ്ടും ഞങ്ങടെ നാട്ടില്‍ (കോട്ടയം) ഇഷ്ടമില്ലാത്ത ആളുകളോട് തലതിരിഞ്ഞ മൂഡില്‍ പ്രയോഗിക്കുന്ന വാക്കുകളാണ്.

ഒന്നും വേണ്ട - 'അവള്‍' എന്ന വാക്ക് കുടുംബത്തിലേയ്ക്ക് വിവാഹം ചെയ്തുവന്ന മൂന്നാമതൊരാളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതു തന്നെ ഒഫന്‍സീവാകാം, ഒന്നും ഉദ്ദേശിച്ചില്ലെങ്കില്‍ തന്നെ.

നോര്‍ത്ത് ഇന്ത്യയിലൊക്കെ പിതാവിനെ 'തും' എന്ന് വിളിക്കുന്ന കുട്ടികളുണ്ട്. 'ആപ്' എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് അതുപയോഗിക്കുന്നതെങ്കിലും പരിചയമില്ലാത്തവര്‍ക്ക് അരോചകമായിരിക്കും.

Typist | എഴുത്തുകാരി said...

നിങ്ങള്‍ എന്നു വിളിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ എന്തോ ഒരു അടുപ്പക്കുറവു് തോന്നും. സാധാരണ ബഹുവചനത്തിലല്ലാതെ അങ്ങിനെ പ്രയോഗിക്കാറും ഇല്ല.

ഓഫ്: തൃശ്ശൂര് ‍പന്തല്ലൂര്‍ക്കാരനായ ഒരു സുഹൃത്തുണ്ടെന്നു പറഞ്ഞില്ലേ, ആ പന്തല്ലൂരിന്റെ തൊട്ടടുത്താട്ടോ എന്റെ നെല്ലായി.

പകല്‍കിനാവന്‍ | daYdreaMer said...

ഇന്യെങ്കിലും ഇങ്ങക്ക് ഒന്ന് നന്നായിക്കോടെ മാഷേ.. ഉപ്പാ ആണെകിലും അനുസരണക്കേട്‌ കാട്ടിയാല്‍ അടി.. ങാ..

ബിനോയ്//HariNav said...

നിങ്ങള്‍ ഞങ്ങളെ "നിങ്ങള്‍" എന്നു വിളിച്ചാലും ഞങ്ങള്‍ നിങ്ങളെ "നിങ്ങള്‍" എന്നു വിളിക്കില്ല. മദ്ധ്യ കേരളത്തിലും "നിങ്ങള്‍" അത്ര സുഖമുള്ള പ്രയോഗമല്ല. ഇരിങ്ങാലക്കുടക്കാരിയായ എന്റെ ഭാര്യയും "നിങ്ങള്‍" വിരോധി തന്നെ :)

ശ്രീലാല്‍ said...

ങ്ങളെന്നെ ബെസ്റ്റ്.

santhosh balakrishnan said...

നീ,താന്‍,എടാ,എടീ...എന്നീങനെയുള്ള വാക്കുകളേക്കാള്‍ സുഹൃത്തുക്കളേയും നിങള്‍ എന്ന്‌ ഇപോഴും വിളിക്കുന്ന ഒരാളാണ്...!
കുറച്`ബഹുമാനം ആ വിളിയില്‍ ഉണ്ടെന്നും കരുതുന്നു.

പക്ഷേ നമ്മള്‍ എന്തു വിളിക്കുംബോഴും ആ വിളിയിലെ “ടോണ്‍“ വളരെ പ്രധാനമാണ്.
മലബാറുകാരുടെ ങള് വിളിയിലെ നിഷ്കളങ്കതയും സ്നേഹവും
വാത്സല്യവും ഇഷ്ടമില്ലാത്ത മലയാളി ഉണ്ടാകുമൊ..?
അതാണ് ടോണിനുള്ള പ്രധാന്യം..അധികാര ഭാവത്തോടെയും അഹങ്കാരത്തോടെയും അല്ലാതെയുള്ള നിങള് വിളി മുതിര്‍ന്ന ഒരു മലയാളിക്കും പ്രശ്നമാകാനിടയില്ല.
പക്ഷേ കൊച്ചുകുട്ടികള്‍ ഉമ്മയുടെ പ്രായമുള്ളവരെ നിങള് എന്നു വിളിക്കുംബോള്‍ ഒരു കല്ലുകടി തോന്നിയാല്‍ തെറ്റുപറയാനും പറ്റില്ല.

കരീം മാഷ്‌ said...

എന്തിനാ പാച്ചൂനെ പറയുന്നത്‌?
എനിക്കു തന്നെ ഇതു പലവട്ടം സംഭവിട്ട്റ്റുണ്ട്.
പലവട്ടം ഞാന്‍ നിരപരാധിത്വം വ്യക്തമാക്കിയിട്ടും വിശ്വസിക്കാത്തവരുണ്ട്.

കുറ്റ്യാടിക്കാരന്‍|Suhair said...

ങ്ങള് മാണേങ്കിലെന്ന ങ്ങള്ന്ന് ബിളിച്ചോളീ...

Irshad said...

കൊല്ലം ജില്ലക്കാരനായ ഞാന്‍,പഠിക്കാനായി മലപ്പുറത്തെത്തിയ ആദ്യനാളുകളിലൊന്നില്‍ ഒരു കൊച്ചു കുട്ടി ‘നീ എന്തിനാ പഠിക്കുന്നെ?’ എന്നു ചോദിച്ചതു ഓര്‍മ്മയുണ്ട്. ഒരു അസ്വാഭാവികത അപ്പോള്‍ തോന്നിയെങ്കിലും, അവര്‍ ബഹുമാനത്തോടെ തന്നെയാണ് അങ്ങനെ പറയുന്നതു എന്നു മനസ്സിലായപ്പോള്‍ പിന്നെയൊന്നും തോന്നാതായി. ‘നീ’എന്ന് അഭിസംബോദന ചെയ്തു ആരങ്കിലും സംസാരിച്ചാല്‍ ഇപ്പോള്‍ എനിക്കു കൂടുതല്‍ അടുപ്പമാണ് തോന്നുക.

കുറുമ്പന്‍ said...

ങ്ങളുടെ ബ്ലോഗില്‍ ഇതാദ്യായിട്ടാ...
ഇതാണെന്റെ സ്റ്റൈല്‍..