തെങ്ങോലകളില്‍ സ്വര്‍ണ്ണവര്‍ണ്ണം പകര്‍ന്ന് സായാഹ്നം വിട പറയുന്ന നേരത്താണ് ജോസഫ് ആ ഗ്രാമത്തിലേക്ക് കടന്നു വന്നത്. ചെമ്പിച്ച് കട്ടപിടിച്ച മുടി, മുഖത്തിലാണ്ടു പോയ കണ്ണുകള്‍, പതിഞ്ഞ മൂക്കിനു താഴെ കനമില്ലാത്ത ചെമ്പന്‍ മീശ, ഇടവിട്ട് വളര്‍ന്ന് നില്ക്കുന്ന താടി രോമങ്ങള്‍, അഴഞ്ഞ ഷര്‍ട്ട്, അതിനു മുകളിലൂടെ നടുവ് മൂട്ടിയ കള്ളിമുണ്ട് മടക്കി കുത്തിയിരുന്നു. തോളിലൊരു തോര്‍ത്തും കയ്യിലൊരു കളഭനിറമുള്ള സഞ്ചിയും, ഇതായിരുന്നു ജോസഫിന്റെ വേഷം.
തനിക്ക് മുന്‍പേ വന്നവര്‍ പറഞ്ഞറിഞ്ഞ സൌഭാഗ്യങ്ങളാണ് അയല്‍നാട്ടിലേക്ക് ചേക്കേറാന്‍ ജോസഫിന് പ്രേരണയായത്. എന്തെങ്കിലും ജോലി തേടി അലഞ്ഞ അയാളെ ഗ്രാമവാസികള്‍ സംശയദൃഷ്ടിയോടെയാണ് നോക്കിയത്.
‘സ്ഥലോം വീടും മുങ്കൂട്ടി കണ്ട് വെച്ച് രാത്രി കക്കാനിറങ്ങാനാ, ഇവറ്റകളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല...’
അവര്‍ ജോസഫ് കേള്‍ക്കേ തന്നെ പറഞ്ഞു.
ആയിടയ്ക്കാണ് വലിയ വീട്ടുകാര്‍ നിലവിലുള്ള മണ്‍കിണറിന് പകരം വാര്‍പ്പ് കിണര്‍ കുഴിച്ചത്. പുതിയ കിണര്‍ കുഴിച്ചപ്പോള്‍ കോരിയിട്ട മണ്ണ് എടുത്ത് പഴയ കിണര്‍ നികത്താന്‍ നാട്ടുകാരായ തൊഴിലാളികള്‍ ആവശ്യപ്പെട്ടത് അഞ്ചൂറ് രൂപയായിരുന്നു. ജോലി തിരക്കി വന്ന ജോസഫാവട്ടെ ഇരുപത്തിയഞ്ച് രൂപയ്ക്കത് ചെയ്യാമെന്നേറ്റു. വലിയ വീട്ടുകാര്‍ വില പേശി അത് ഇരുപത് രൂപയ്ക്ക് കരാറുപ്പിച്ചു. കരാറില്‍ പെട്ടതല്ലായിരുന്നെങ്കിലും അരി വെന്തപ്പോളവര്‍ ജോസഫിന് കഞ്ഞിവെള്ളം കൊടുത്തു.
അന്നുമുതല്‍ ജോസഫ് നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനായി. എവിടെ എന്ത് ജോലിക്കും അവര്‍ക്ക് ജോസഫിനെ വേണമായിരുന്നു. തുച്ഛമായ കൂലിക്ക് അയാള്‍ എല്ലുമുറിയെ പണിയെടുത്തു. ഗ്രാമവാസികളെ പ്രായഭേദമന്യേ അയാള്‍ അണ്ണാച്ചി എന്ന് ആദരവോടെ വിളിച്ചു. തിരിച്ച്, ഗ്രാമവാസികള്‍ അയാളെയും ‘അണ്ണാച്ചി‘ എന്ന് വിളിച്ചുതുടങ്ങി. അങ്ങനെ ജോസഫും അണ്ണാച്ചിയായി. വേല ചെയ്യുന്ന വീടുകളില്‍ നിന്നും കിട്ടുന്ന പഴങ്കഞ്ചി ജോസഫിന്റെ പകിട്ട് കൂട്ടി. അവര്‍ കൊടുത്ത പഴയ കുപ്പായങ്ങള്‍ അതിന് മാറ്റ് കൂട്ടി. കറുത്ത തൊലിക്ക് തിളക്കമേറി. ചില പെണ്ണുങ്ങള് വിറക് കീറുന്ന ജോസഫിന്റെ പേശികള്‍ ഉരുണ്ട് കൂടുന്നത് വട്വക്കിനിയില്‍ നിന്നു നോക്കി രസിച്ചു. പക്ഷെ ജോസഫ് നിഷ്കളങ്കനായിരുന്നു.
കുഞ്ഞാക്കയാണ് ഒരു ദിവസം പെണ്ണ് കെട്ടുന്നതിനെ കുറിച്ച് ജോസഫിനോട് സൂചിപ്പിച്ചത്.
‘എന്നാ അണ്ണാച്ചി സൌഖ്യമാ...’
‘ആമാ സാര്‍... റൊമ്പ നല്ലാറ്ക്ക്...’
‘നീ കല്യാണം കഴിച്ചിരുക്കാ...’
‘ഇല്ല സാര്‍...’ ജോസഫിനത് പറയുമ്പോള്‍ നാണം വന്നിരുന്നു.
‘അപ്പറം ഉനെക്കെന്നെടാ സൌഖ്യം...’
അടുത്ത തവണ ജോസഫ് നാട്ടില്‍ നിന്നും വരുമ്പോള്‍ കണ്മണിയും കൂടെയുണ്ടായിരുന്നു. പുതുമണവാട്ടിയുടെ എല്ലാ ശേലോടും കൂടി. ജോസഫ് പോവുന്നിടത്തൊക്കെ കണ്മണിയും കൂടെ കാണുമായീരുന്നു. അവരുടെ പിറകെ വിയര്‍പ്പില്‍ മുങ്ങിയ മുല്ലപ്പൂവിന്റെ മണവും. കണ്മണിയും എല്ലുമുറിയെ പണിയെടുത്തു. അവരുടെ കിടപ്പ് വലിയ വീട്ടിലെ ചായ്പ്പിലായിരുന്നു. കീറപ്പായയില്‍ തല ചായ്ക്കും മുമ്പ് അവിടുത്തെ പണികളെല്ലാം ഒന്നൊഴിയാതെ കണ്മണി ചെയ്ത് തീര്‍ത്തു. എങ്കിലും ജനം പറഞ്ഞു ‘വലിയ വീട്ടുകാരുടെ നല്ല മനസ്സ്...’. പഠനം കഴിഞ്ഞ് അവരുടെ മൂത്ത മകന് തിരിച്ച് വന്നതോടെ അവിടുത്തെ പൊറുതി നിന്നു. മകനെ കുറ്റം പറയാനാവാത്തോണ്ട് കണ്മണിക്കായിരുന്നു പഴി മുഴുവനും. പക്ഷെ കണ്മണി പാവമായിരുന്നു, അവള്‍ക്ക് പിഴക്കാനാവുമായിരുന്നില്ല.
കടത്തിണ്ണയിലെ വാസത്തില്‍ അവര്‍ സംതൃപ്തരായിരുന്നു. സുഖമായി ഉറങ്ങി. പട്ടിയും പൂച്ചയും അവരെ ബുദ്ധിമുട്ടിച്ചില്ല, പക്ഷെ, ചില ചെറുപ്പക്കാര്‍ക്ക് കണ്മണിയുടെ തുടുപ്പ് ഉറക്കം നഷ്ടപ്പെടുത്തി... നിറവും വര്‍ണ്ണവും വിയര്‍പ്പ് നാറ്റമൊന്നും അവരെ പിന്തിരിപ്പിച്ചില്ല. പണിയെടുത്ത ക്ഷീണത്തില്‍ തളര്‍ന്നുറങ്ങിയിരുന്ന ജോസഫിനെ ഉണര്‍ത്തിയത് കണ്മണിയുടെ അലര്‍ച്ചയായിരുന്നു. ‘അണ്ണാച്ചീ...’ ജോസഫ് ദയനീയതോടെ വിളിച്ചുവെങ്കിലും അതെത്തിയത് അടഞ്ഞ കര്‍ണ്ണങ്ങളിലായിരുന്നു.
മഴുവിന്റെ പിടി കയ്യിലമരുമ്പോള്‍ ജോസഫിന്റെ രക്തത്തില്‍ അഭിമാനത്തിന്റെ തിരയിളക്കം ശക്തി പ്രാപിച്ചിരുന്നു. പച്ചമരത്തില്‍ ആഴ്ന്നിറങ്ങുന്ന ലാഘവത്തോരെ മഴു മാംസത്തെ പ്രാപിച്ചു. പോലീസ് വാനിലേക്ക് കയറുമ്പോഴും ജോസഫിന്റെ കണ്ണുകളില്‍ പെണ്ണിന്റെ മാനം കാത്ത തിളക്കമുണ്ടായിരുന്നു.
ജോസഫിനെ വെടിപ്പും വൃത്തിയും ഉള്ള ആളാക്കിയെന്നവകാശപ്പെട്ട നാട്ടുകാര്‍ക്ക് അപ്പോഴേക്കും ഭ്രാന്തെടുത്തിരുന്നു.
‘നന്ദിയില്ലാത്ത നായ്ക്കള്‍... എല്ലാറ്റിനേയും ഓടിച്ച് വിടണം...’ അവര്‍ അലറി വിളിച്ചു.
Subscribe to:
Post Comments (Atom)
20 comments:
‘സ്ഥലോം വീടും മുങ്കൂട്ടി കണ്ട് വെച്ച് രാത്രി കക്കാനിറങ്ങാനാ, ഇവറ്റകളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല...’
ഈ മനോ വിചാരം അണ്ണാച്ചികളെ മാത്രമല്ല , മിക്ക പുറം നാട്ടുകാരേയും കാണുമ്പോള്‍ നമ്മുടെ ഉള്ളില്‍ വരുന്നവയാണ്.
വകുന്നേരം കട്ടന്‍ ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ നെയ്ത്തുപായപൊലൂള്ള ഒന്ന് വില്ക്കാന് വന്ന വടക്കേ ഇന്‍ഡ്യക്കാരെ കണ്ടപ്പോള്‍ എന്റ്റെ മനസ്സിലും പോയ ചിന്ത ഇതു തന്നെയായിരുന്നു.
രണ്ടുപേരിലൊരാളുടെ വീട്ടിനകത്തേക്കുള്ള എത്തിനോട്ടം എന്നെ ചൊടിപ്പിക്കാതിരുന്നില്ല.
അണ്ണനെക്കുറിച്ചുള്ള വിവരണം നന്നായി ,
ഇടയിലെ ഉള്ചിന്തകളും! :)
ചാത്തനേറ്: കഥ കൊള്ളാം പക്ഷേ റെയില്‍വേ ഡിവിഷന് സേലം. ??? ഇതെന്താ പ്രതിഷേധ പ്രകടനോ?
തറവാടി
അഭിപ്രായത്തിന് നന്ദി :)
കുട്ടിച്ചാത്താ: അതൊരു പ്രതീകമല്ലേ... മാഷെ :)
(എബടെ... ചുമ്മാ ഒരു ഗമയ്ക്കിട്ടതല്ലേ)
സേലം ഡിവിഷന് ; അണ്ണാച്ചി; പ്രതീകം, ; എനിക്കത്ര പുത്തി പോര.
അഗ്രജാ:)
നന്നായിരിക്കുന്നു.
മലയാളി സമൂഹത്തിന്റെ ഒരു പരിഛേദം വരച്ചു വെച്ചിരിക്കുന്നു.എന്തിനുമേതിനും മറ്റുള്ളവരില്‍ മാത്രം കുറ്റം കാണാന്‍ ശ്രമിക്കുന്ന സ്വഭാവമാണധികം പേര്‍ക്കും.
മകനെ കുറ്റം പറയാനാവാത്തോണ്ട് കണ്മണിക്കായിരുന്നു പഴി മുഴുവനും. ! മാര്‍ക്ക് 100%
കണ്മണിയെ പിഴപ്പിച്ചത് ലാലുപ്രസാദാണോ? തമിഴ്നാടാണോ?
അഗ്രജേട്ടാ...
നന്നായിരിക്കുന്നു
:)
good piece mashey
മഴുവിന്റെ പിടി കയ്യിലമരുമ്പോള്‍ ജോസഫിന്റെ രക്തത്തില്‍ അഭിമാനത്തിന്റെ തിരയിളക്കം ശക്തി പ്രാപിച്ചിരുന്നു. പച്ചമരത്തില്‍ ആഴ്ന്നിറങ്ങുന്ന ലാഘവത്തോരെ മഴു മാംസത്തെ പ്രാപിച്ചു. പോലീസ് വാനിലേക്ക് കയറുമ്പോഴും ജോസഫിന്റെ കണ്ണുകളില്‍ പെണ്ണിന്റെ മാനം കാത്ത തിളക്കമുണ്ടായിരുന്നു.
എന്നെ സ്പര്‍ശിച്ച വരികള്‍. നന്നായിരിക്കുന്നു.
അഗ്രജന് കളിവിട്ട് കാര്യത്തിലേക്ക് കടന്ന മട്ടുണ്ടല്ലൊ. ഇതു നന്നായി മച്ചു. ഒരാളെ അതിന്റെ എല്ലാ വ്യക്തതയോടും കൂടെ വരഞ്ഞിടാനായിരിക്കുന്നു. അതോടൊപ്പം താന്‍ ഉള്‍പ്പെടുന്ന സമൂഹത്തേയും.
-സുല്‍
സേലം റെയില്‍വേ ഡിവിഷനെ കുറിച്ചാര്ക്കാ സംശയം. :)
അഗ്രാപ്രദേശ് പ്രസിഡന്റിനോട് ചോദിക്കണം. ഉത്തരം കിട്ടും.
കഥ ഇതിവൃത്തം സൂപ്പര്‍. ഒരു സീരിയലോ സിനിമയോ ചെയ്യാനുള്ള അസംസ്കൃതവസ്തുവുണ്ടിതില്. ഒന്നൂടെ ലെവലാക്കണം. (റെയില്‍വേ ലെവല്‍) :)
കഥ നന്നായി:)
ലേബലാണ് ഏറ്റവും ഇഷ്ടപ്പെട്ടത്:)
ഹ്ഹോ...മുഖത്തിട്ടൊരടി കിട്ടിയ പോലെ..
നല്ല മുറുക്കമുള്ള എഴുത്ത്. അഭിനന്ദനങ്ങള്‍.
ചുരുക്കിപ്പറഞ്ഞത് നന്നായി അണ്ണാച്ചീ :)
നന്നായി അണ്ണാച്ചീ ...:)
ഉഗ്രന്‍!
പതിവിലും നന്നായി അവതരണം.
ചില അക്ഷരത്തെറ്റുകള്‍ കണ്ടു.ശ്രദ്ധിക്കുമല്ലോ.
കഥ ഇഷ്ടമായി, പക്ഷെ സേലവുമായി ബന്ധിപ്പിച്ചപ്പോള്‍ ഒരു കണ്ഫ്യുഷന് .
അണ്ണാ, അഗ്രജന്റെ വേറിട്ട ഒരു എഴുത്ത്..
കലക്കീട്ട്ണ്ട്!
എങ്ങിനെയോ എനിക്കീ പോസ്റ്റ് ആദ്യം മിസ്സായി!
എന്തിനുമേതിനും മറ്റുള്ളവരില്‍ മാത്രം കുറ്റം കാണാന്‍ ശ്രമിക്കുന്ന സ്വഭാവമാണധികം പേര്‍ക്കും.
പൊതുവാള് പറഞ്ഞതിനോട് യോജിക്കുന്നു.
അഗ്രജാ വ്യത്യസ്തമായ പോസ്റ്റ്... കൊള്ളാം
Post a Comment