Monday, August 28, 2006

പ്രതിവിധി

തണുപ്പരിച്ചിറങ്ങുന്ന പ്രഭാതം, പടവുകളിറങ്ങിച്ചെന്ന ആവേശം വെള്ളത്തിലേക്കിറങ്ങാന്‍ ഉണ്ടായില്ല. പടവുകളില്‍ കൂനിക്കൂടിയിരുന്ന് തുമ്പികളുടെ തുള്ളാട്ടം കണ്ടിരിക്കേ അയാളോര്‍ത്തു
..ആകാശം ഇപ്പോ ഇടിഞ്ഞുവീണാല്‍ എന്താ ചെയ്യാ...
പ്രതിവിധി കണ്ടെത്താന്‍ അധികസമയം വേണ്ടിവന്നില്ല...
കുളത്തിന്‍റെ നാലു തിട്ടകളില്‍ ആകാശം തടഞ്ഞു നില്‍ക്കുമെന്ന ധൈര്യത്തില്‍ അയാള്‍ വെള്ളത്തിലേക്കിറങ്ങി.

8 comments:

മുസ്തഫ|musthapha said...

ഇയാളിപ്പോഴും ഞങ്ങളുടെ ഗ്രാമത്തില്‍ സുഖമായ് വാഴുന്നു.. അങ്ങോരിത് വായിക്കില്ലെന്ന ഉറപ്പണെന്‍റെ സമാധാനം :)

അരവിന്ദ് :: aravind said...

:-)) കൊള്ളാം!

ലിഡിയ said...

നമ്മളൊക്കെ തന്നെ അങ്ങനെ ഒരു സാങ്കല്‍പ്പികമായ സുരക്ഷിതബോധത്തിന്റെ സോപ്പ് കുമിളകള്‍ക്കുള്ളിലല്ലേ ജീവിക്കുന്നത്, സുഹൃത്തേ, ഒരു നിമിഷാര്‍ദ്ധത്തില്‍ അതുടയുന്നത് പലപ്പോഴും നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു..

ആഴമുള്ള ഒരു കഥ..നന്ദി..

-പാര്‍വതി.

Unknown said...

കുട്ടിയായിരുന്നപ്പോള്‍ കാറിന്റെ പിന്‍ സീറ്റിലിരുന്ന് വണ്ടിയുടെ വേഗത കൂടാന്‍ മുന്നിലെ സീറ്റിനെ ഉന്തിയിരുന്നത് ഓര്‍മ്മ വരുന്നു. :-)

Rasheed Chalil said...

പക്ഷേ ആകാശത്തിന്റെ വീഴ്ചയോടെ കുളം ഇരുളുമല്ലോ അഗ്രൂ... അപ്പോള്‍ എന്നാചെയ്യും.

നല്ല ചിന്തതന്നെ. വ്യര്‍ഥമായ സുരക്ഷിത ബോധാത്താല്‍ ജീവിക്കുന്നവര്‍ നമ്മള്‍. അതിനിടയിലെപ്പഴോ നിന്നച്ചിരിക്കാതെ അവന്‍ കടന്ന് വരും. മര്‍ണം. തിരിച്ചെടുക്കാന്‍ ഒന്നും ബാക്കിയാക്കാതെ നമ്മേയും കൊണ്ട് കടന്ന് പോവും.

മുസ്തഫ|musthapha said...

അരവിന്ദ് :)

പാര്‍വ്വതി: സാങ്കല്‍പ്പികമായ സുരക്ഷിതബോധം... അതെത്ര ശരി. തൊട്ടപ്പുറത്തുള്ള ഇറാനില്‍ ഭൂമി കുലുങ്ങുമ്പോഴും, സൌദിയില്‍ ഭീകരാക്രമണം നടക്കുമ്പോഴും, ഇവിടെയിതൊന്നും ഉണ്ടാകില്ല എന്ന് ദുബായിലിരുന്ന് ചിന്തിക്കുന്നത്... ആ ഒരു സുരക്ഷിതബോധത്തിന്‍റെ കുമിളക്കുള്ളിലായതോണ്ട് തന്നെ [സര്‍വ്വശക്തനായ ദൈവം എല്ലാവരേയും തുണയ്ക്കട്ടെ].

ദില്‍ബൂ:) ചെറുപ്പത്തിലും ആളപ്പോ.. മോശായിരുന്നില്ല അല്ലേ.. ഞാന്‍ കരുതി ഒരുത്തനെ വെട്ടിമലര്‍ത്തിയിട്ട് നാട്ടിലേക്ക് വണ്ടി കയറിയതിന് ശേഷമാണെന്ന്...:)

ഇത്തിര്‍വെട്ടം: ശരിയാണ്... എനിക്കതൊന്നും സംഭവിക്കില്ലെന്നൊരു ചിന്ത... എല്ലാവരേയും എല്ലാം മറന്ന് ജീവിപ്പിക്കുന്ന ഘടകം.

വായിച്ച നാല് പേര്‍ക്കും നന്ദി :)

ഇടിവാള്‍ said...

എന്റൊരു കസിനുണ്ട് ! പുള്ളിക്കു ദുബായി ഷിന്ദഗ ടണലിലൂടെ ( കടലിനടിയിലൂടെ 1 കി.മി ദൂരമുള്ള ടണല്‍) കാര്‍ ഓടിക്കാണ്‍ വല്ല്യ പേടിയാ ! അതെങ്ങാനും തകര്‍ന്നു വീണാലോ എന്നാ ടിയാന്റെ പേടി ! അതിനാല്‍, മക്തൂം ബ്രിഡ്‌ജു ( കടകിനു മുകളിലൂടെയുള്ള പാലം) വഴിയാണു യാത്ര !

വണ്ടി അതിലൂടെ ഓടിക്കുമ്പോള്‍ അതു തകര്‍ന്നാലോ എന്നൊരു ദിവസം ഞാന്‍ ചോദിച്ചശേഷം പുള്ളി 20 കി.മി അധികദൂരമുള്ള എമിരേറ്റ്‌സ് റോഡിലൂടെയാണു യാത്ര !

ഇങ്ങനുള്ള ആളുകളുമുണ്ടേ നമുക്കിടയില്‍!

മുസ്തഫ|musthapha said...

ഹ ഹ ഇടിവാളേ, ആ പാവത്തിനോട് വണ്ടീടെ വീല്‍ ഊരിത്തെറിക്കുന്ന കാര്യമൊന്നും പറയല്ലേ...:)